സുധേഷ് കുമാറിന്‍റെ മകളുടെ പരാതി; ഗവാസ്ക്കറെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
ADGP സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ധയുടെ പരാതിയിന്‍മേലുള്ള കേസിലാണ് അറസ്റ്റ് തടഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളുടേയും കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു.

ADGP യുടെ മകളുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ADGP യുടെ മകളുടെ പരാതി വ്യാജമാണെന്നാണ് ഗവാസ്ക്കറുടെ ഹര്‍ജിയിലെ പ്രധാന ആരോപണം.

തന്നെ മര്‍ദിച്ചെന്ന് പരാതി നല്‍കിയപ്പോള്‍ കൗണ്ടര്‍ പരാതി നല്‍കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിനാല്‍ പോലീസ് തനിക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകള്‍ റദ്ദാക്കണമെന്നും ഗവാസ്ക്കര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അടുത്തമാസം 4ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.അതുവരെ ഗവാസ്ക്കറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 14 ന് ADGP യുടെ മകളേയും ഭാര്യയേയും പ്രഭാത സവാരിക്കു ശേഷം മടക്കി ക്കൊണ്ടുവരുമ്പോഴാണ് തന്നെ വാഹനത്തില്‍ വെച്ച് ADGP യുടെ മകൾ മർദിച്ചതായി ഗവാസ്ക്കര്‍ പരാതി നൽകിയത്.

ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് തനിക്കെതിരെ പരാതി നല്‍കാന്‍ ADGP യുടെ മകളെ പ്രേരിപ്പിച്ചതെന്നും ഗവാസ്ക്കര്‍ കോടതിയെ ബോധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here