”യുവ എംഎല്‍എമാര്‍ ഫേസ്ബുക്ക് തൊഴിലാളികള്‍; ഇവരൊക്കെ എങ്ങനെ എംഎല്‍എമാരായി; ഇനിയും പോസ്റ്റിട്ടാല്‍ കൈകാര്യം ചെയ്യും; സഭയുടെ പ്രവര്‍ത്തനം പോലും അറിയാത്ത ഇവര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത”; കോണ്‍ഗ്രസില്‍ പോര്‍വിളി തുടരുന്നു

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ വിവാദങ്ങള്‍ കെട്ടടങ്ങാതെ കോണ്‍ഗ്രസില്‍ പോര്‍വിളി തുടരുന്നു.

കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹന്നാനും വിപി സജീന്ദ്രനുമാണ് നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച യുവ എംഎല്‍എമാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സെക്രട്ടറിയേറ്റ് അസ്സോസിയേഷന്റെ 53ാമത് സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കോണ്‍ഗ്രസ് എഗ്രൂപ്പ് നേതാക്കളായ ബെന്നിബഹന്നാനും വി പി സജീന്ദ്രനും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ കോണ്‍ഗ്രസില്‍ അച്ചടക്കവും ഉണ്ടാകണം. നേതൃത്വ തലത്തില്‍ ഉണ്ടാകേണ്ട പക്വത പലപ്പോഴും ഇല്ലാതെ പോകുന്നുവെന്നും ബന്നി ബഹന്നാന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ സര്‍വീസ് സംഘടനകളുടെ പ്രവര്‍ത്തനം കണ്ട് പഠിക്കണമെന്നും ആദ്ദേഹം കൂട്ടിചേര്‍ത്തു.

ഫേസ്ബുക്ക് തൊഴിലാളികളായ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നായിരുന്നു വിപി സജീന്ദ്രന്റെ ചോദ്യം.

നിയമസഭയുടെ പ്രവര്‍ത്തനം പോലും കൃത്യമായി അറിയാത്തവരാണ് ഫെയ്‌സ് ബുക്കില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ച നേതാവാണ്. 13 തെരഞ്ഞെടുപ്പുകള്‍ ജയിച്ചു.

ഫേസ്ബുക്ക് കുട്ടന്‍മാര്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഇവരൊക്കെ എങ്ങനെ എംഎല്‍എമാരായി എന്ന് ചിന്തിക്കണമെന്നും സജീന്ദ്രന്‍ പറഞ്ഞു.

യുഡിഎഫിന് വേണ്ടി എന്തു ത്യാഗവും ചെയ്യുന്നയാളാണ് ഉമ്മന്‍ ചാണ്ടി. ഇവരെയൊക്കെ പ്രതിപക്ഷ നേതാവ് നിയന്ത്രിക്കണമെന്നും നേതാക്കള്‍ക്കെതിരെ സ്ഥാനം നഷ്ടപെട്ടവര്‍ നടത്തുന്ന ജല്‍പനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും സജീന്ദ്രന്‍ പറഞ്ഞു.

ഫേസ് ബുക്കില്‍ ലൈക്ക് കിട്ടുമ്പോള്‍ ഇക്കിളിപെടുന്ന യുവനേതാക്കള്‍ ഇനിയും പോസ്റ്റിട്ടാല്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാണ് സജീന്ദ്രന്‍ അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News