മികച്ച അഭിനേതാക്കള്‍ ഉണ്ടായതുകൊണ്ട് മാത്രം ഒരു സിനിമ നന്നാവണമെന്നില്ല; അർജന്റീനേ നിങ്ങൾക്ക് ഇത് എന്ത് പറ്റി? 

കളിക്കളങ്ങള്‍ കണക്കുപുസ്തകങ്ങളെയും പ്രവചനക്കാരെയും അട്ടിമറിക്കുക സ്വാഭാവികമാണ്. ഇന്നലെ ലോകകപ്പ് ഫുട്ബോളില്‍ അരങ്ങേറിയതും അതുതന്നെ. കളിയുടെ എല്ലാ മേഖലയിലും അര്‍ജന്‍റീന തകര്‍ന്ന മത്സരമായിരുന്നു അത്. ഒപ്പം വന്നുചേര്‍ന്ന ദൗര്‍ഭാഗ്യം കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി.

യോഗ്യതാ റൗണ്ടിലെ 18 കളികളില്‍ ഏഴെണ്ണം മാത്രം വിജയിച്ചാണ് അര്‍ജന്‍റീന റഷ്യയിലെത്തിയത്. ഈ വസ്തുതകളില്‍ നിന്നുകൊണ്ട് അര്‍ജന്‍റീനയെ വിലയിരുത്താന്‍ പലരും ശ്രമിച്ചില്ല. മെസി എന്ന ലോകോത്തര താരത്തിന്‍റെ ബലത്തില്‍ എല്ലാം മറികടക്കുമെന്ന ഒരു വിശ്വാസമായിരുന്നു ഇതിന്‍റെ കാതല്‍.

എന്താണ് അര്‍ജന്‍റീനയ്ക്ക് സംഭവിച്ചത്? ഐസ് ലാന്‍റുമായുള്ള സമനില അര്‍ജന്‍റീനയുടെ ആത്മവിശ്വാസത്തിന് വല്ലാത്ത പോറലേല്‍പ്പിച്ചു. ഇത് ഉയര്‍ത്തിയ സമ്മര്‍ദ്ദം ടീമിന്‍റെ തന്ത്രങ്ങളെ തന്നെ ഏറെ ബാധിച്ചു. പ്രതിസന്ധികളില്‍ മനസ്സുലയാതെ വസ്തുനിഷ്ഠമായി വിലയിരുത്തി തീരുമാനമെടുക്കുമ്പോഴാണ് ഇത്തരം ഘട്ടങ്ങളെ മുറിച്ചുകടക്കാനാവുക. ഇത്തരമൊരു മനസാന്നിധ്യത്തോടെ കളിക്കളത്തില്‍ ഇറങ്ങുന്നതിന് അര്‍ജന്‍റീനയ്ക്ക് കഴിഞ്ഞില്ല.

മികച്ച അഭിനേതാക്കള്‍ ഉണ്ടായതുകൊണ്ട് മാത്രം ഒരു സിനിമ നന്നാവണമെന്നില്ല. അവരെ സമര്‍ത്ഥമായി സിനിമയിലെ വിവിധ ഘടകങ്ങളുമായി ഒരു സംവിധായകന്‍ വിന്യസിക്കുമ്പോഴാണ് ദൃശ്യ ഭംഗികളിലൂടെ സംവദിക്കുന്ന ഒരു സിനിമ രൂപപ്പെടുന്നത്. അര്‍ജന്‍റീനന്‍ താരങ്ങളെ ഇത്തരത്തില്‍ വിന്യസിക്കുന്നതില്‍ തുടക്കത്തിലേപാളിപ്പോയി.

മധ്യനിരയിലെ കരുത്ത് പ്രദര്‍ശിപ്പിക്കുന്ന ക്രൊയേഷ്യ പോലെയുള്ള ടീമിനെ നേരിടുമ്പോള്‍ പ്രതിരോധ നിരയ്ക്കും മധ്യനിരയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. എന്നാല്‍ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തിയാണ് അര്‍ജന്‍റീന മത്സരത്തിനിറങ്ങിയത്. മുന്നേറ്റനിരയില്‍ പന്ത് എത്തിക്കുന്നതിന് അര്‍ജന്‍റീനയ്ക്ക് മധ്യനിരയിലെ ക്രൊയേഷ്യയുടെ ശേഷി തടസ്സമായിത്തീരുകയും ചെയ്തു. കിട്ടുന്ന അവസരങ്ങള്‍ ഫലപ്രദമായി അവര്‍ ഉപയോഗിച്ചു. മധ്യനിരക്കാരാണ് മൂന്ന് ഗോളുകളും ക്രൊയേഷ്യയ്ക്കായി നേടിയത്. അര്‍ജന്‍റീനന്‍ ഗോളിയാവട്ടെ പിന്‍നിരക്കാരുടെ സഹായമില്ലാതെ നിസ്സഹായനായി നില്‍ക്കുന്ന നിരവധി അവസരങ്ങള്‍ തുടക്കത്തിലേ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കി ഇടപെടുന്നതിലും പോരായ്മ വന്നു.

ഇതിനെയെല്ലാം മറികടക്കുന്നവിധം തങ്ങളുടെ ശേഷിയാകെ ഉപയോഗിക്കുന്ന തരത്തിലുള്ള അക്രമണോത്സുകത അര്‍ജന്‍റീനന്‍ കളിക്കാരിലുമുണ്ടായില്ല. ഇത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മെസിക്ക് തന്നെ ബോള്‍ കിട്ടിയ അവസരങ്ങള്‍ കുറവായിരുന്നുവെന്നത് ഇതിന്‍റെ ആഴം വ്യക്തമാക്കുന്നതാണ്.

ബോള്‍ കൈവശം വെച്ച കണക്ക് നോക്കിയാല്‍ 58 ശതമാനം അര്‍ജന്‍റീനയക്കായിരുന്നു. ക്രൊയേഷ്യയ്ക്കാവട്ടെ 42 ശതമാനവും. ലക്ഷ്യത്തിലേക്ക് 5 തവണയാണ് ക്രൊയേഷ്യ ബോള്‍ അടിച്ചത്. അര്‍ജന്‍റീനയ്ക്ക് 3 തവണയെ അതിന് കഴിഞ്ഞുള്ളൂ. 14 ഷോട്ടുകളാണ് ക്രൊയേഷ്യ തൊടുത്തുവിട്ടതെങ്കില്‍ 10 എണ്ണം മാത്രമാണ് അര്‍ജന്‍റീനയ്ക്ക് നല്‍കാനായത്. ഇത് കാണിക്കുന്ന കാര്യം ബോളിന്‍റെ നിയന്ത്രണം കൈവശം വച്ചിട്ടും ലക്ഷ്യബോധത്തോടെ നീങ്ങാന്‍ അര്‍ജന്‍റീനയക്ക് കഴിഞ്ഞില്ല എന്നതാണ്.

മൂന്ന് പേരുമായി ഡിഫന്‍സ് കളിച്ച അര്‍ജന്‍റീനയാവാട്ടെ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യയെ വിരട്ടുന്നുണ്ടായിരുന്നു. മുപ്പതാം മിനുറ്റില്‍ അര്‍ജന്‍റീനയ്ക്ക് സുവര്‍ണ്ണാവസരം ലഭിച്ചു. ഗോളിയെ വെട്ടിച്ച് മെസാ നല്‍കിയ പാസ് എന്‍സോ പരസ് ഓപ്പണ്‍ നെറ്റിന് മുന്നില്‍വച്ച് പുറത്തേക്കടിച്ചു. അര്‍ജന്‍റീനന്‍ നിര്‍ഭാഗ്യങ്ങളുടെ ആരംഭമായിരുന്നു അത്.

ഇടതു വിംഗിലെ മരിയാ മന്‍സൂചിക്കിന്‍റെ മുന്നേറ്റങ്ങള്‍ തടുക്കാന്‍ അര്‍ജന്‍റീന ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 58-ാം മിനിറ്റില്‍ ക്രൊയേഷ്യയെ മത്സരത്തിലേക്ക് ഉറപ്പിച്ചുനിര്‍ത്തിയ ആദ്യ ഗോള്‍ പിറന്നു. അര്‍ജന്‍റീനന്‍ ഗോളിയുടെ പിഴവില്‍ നിന്നായിരുന്നു അത്. തുടര്‍ന്ന് അര്‍ജന്‍റീന താളം കണ്ടെത്തി മുന്നേറുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. എന്നാല്‍ അതിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ പിറന്നു. തുടര്‍ന്ന് അര്‍ജന്‍റീന തികച്ചും തളര്‍ന്നുപോയി. സമചിത്തതയോടെ പൊരുതി മുന്നേറേണ്ട ഘട്ടത്തില്‍ പരുക്കന്‍ അടവുകളെ ആശ്രയിക്കാനും ശ്രമം തുടങ്ങി. അത് ഗോള്‍ നേടാന്‍ ലക്ഷ്യബോധത്തോടെയുള്ള നീക്കങ്ങള്‍ക്കും തിരിച്ചടിയായി. അമിത പ്രതീക്ഷയും സമ്മര്‍ദ്ദവും സൃഷ്ടിച്ച പ്രശ്നങ്ങളെ സമര്‍ത്ഥമായി നേരിടാന്‍ കഴിയാതെ തകരുകയായിരുന്നു അര്‍ജന്‍റീന.

ക്രൊയേഷ്യയുടെ കരുത്തും വ്യക്തമാക്കുന്നതായിരുന്നു ഈ മത്സരം. പിന്‍നിരയില്‍ ക്രൊയേഷ്യയുടെ 21-ാം നമ്പര്‍ താരം വിഡ പ്രതിരോധത്തിന്‍റെ ചൈനീസ് വന്‍മതിലാണ് അര്‍ജന്‍റീനയ്ക്ക് മുമ്പില്‍ ഒരുക്കിയത്. പരുക്കന്‍ കളിയിലേക്ക് നീങ്ങിയ ഘട്ടത്തിലും ആയാസരഹിതമായി പ്രതിരോധമൊരുക്കുകയായിരുന്നു വിഡ. മധ്യനിരയിലെ ക്രൊയേഷ്യയുടെ ആക്രമണോത്സുകത കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ലൂക്കാ മോഡ്രിക്കിന്‍റെ കരുത്താര്‍ന്ന ഷോട്ടിന്‍റെ സൗന്ദര്യം മറക്കാനാവുന്നതല്ല. ലോകകപ്പിലെ ഉജ്വല ഗോളുകളിലൊന്നായി അത് അവശേഷിക്കുക തന്നെ ചെയ്യും.

ഇതോടെ അര്‍ജന്‍റീന അസ്തമിച്ചു എന്ന് കരുതരുത്. നൈജീരിയയുമായിട്ടാണ് അടുത്ത അവരുടെ മത്സരം. ആറ് പോയന്‍റുള്ള ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാമതാണ്. ക്രൊയേഷ്യ ഐസ് ലാന്‍റിനെ തോല്‍പ്പിക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. നൈജീരിയയും ഐസ്ലാന്‍റും തമ്മിലുള്ള മത്സരത്തിലും നൈജീരിയയ്ക്ക് വിജയമുണ്ടാകാനും ഇന്നത്തെ നിലയില്‍ സാധ്യതയുണ്ട്. പിന്നെ അവശേഷിക്കുന്ന നൈജീരിയയും അര്‍ജന്‍റീനയും തമ്മിലുള്ള മത്സരത്തില്‍ ജയിക്കാനായാല്‍ അടുത്ത ഘട്ടത്തിലേക്ക് അവര്‍ക്കെത്താം. അത് സംഭാവ്യമാണ് താനും. അതുകൊണ്ട് എല്ലാം നഷ്ടപ്പെട്ടു എന്ന നിരാശയിലേക്ക് ആരാധകര്‍ എത്തേണ്ട കാര്യമില്ല. അര്‍ജന്‍റീനയുടെ പുറത്താകല്‍ ലോകകപ്പിന്‍റെ ജനകീയതയ്ക്കും ഉത്സവാന്തരീക്ഷത്തിനും ഉണ്ടാക്കുന്ന മങ്ങല്‍ വലുതായിരിക്കും.

ഇന്നലത്തെ ആദ്യ മത്സരം ഡെന്‍മാര്‍ക്കും ഓസ്ട്രേലിയയും തമ്മിലുള്ളതായിരുന്നു. ഓസ്ട്രേലിയയെ തകര്‍ത്ത് രണ്ടാം റൗണ്ടിലേക്ക് കടക്കാമെന്ന് മോഹത്തോടെ കളിക്കളത്തിലിറങ്ങിയ ഡെന്‍മാര്‍ക്കിന് ആ ലക്ഷ്യം നേടാനായില്ല. ക്രിസ്റ്റിന്‍ എറികിന്‍റെ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ഡെന്‍മാര്‍ക്കാണ്. 38-ാം മിനുറ്റില്‍ മൈക്ക് ജെഡിനാക്കിന്‍റെ പെനാല്‍റ്റിയില്‍ ഓസ്ട്രേലിയ ഡെന്‍മാര്‍ക്കിനെ തളക്കുകയും ചെയ്തു.

തുടക്കത്തില്‍ ഡെന്‍മാര്‍ക്കാണ് ആക്രമണം അഴിച്ചുവിട്ട് മുന്നേറിയത്. ഡെന്‍മാര്‍ക്ക് ആക്രമണത്തെ തടയാനെന്ന നിലയില്‍ ഓസീസ് ഒരു താരത്തെ കൂടി പ്രതിരോധത്തിലിറക്കിയിരുന്നു. ഈ പ്രതിരോധാത്മകതയുടെ ഭാഗമായി തുറന്നുകിട്ടിയ അവസരമുപയോഗപ്പെടുത്തി ഡെന്‍മാര്‍ക്ക് സമ്മര്‍ദ്ദം ശക്തിപ്പെടുത്തി. ഈ സമ്മര്‍ദ്ദമാണ് ഒന്നാമത്തെ ഗോളടിക്കാന്‍ ഡെന്‍മാര്‍ക്കിനെ സഹായിച്ചത്. 35-ാം മിനുറ്റില്‍ ഓസീസ് താരം മാര്‍ക്ക് മിലിഗണിന്‍റെ ഹെഡര്‍ ബോക്സില്‍ വെച്ച് ഡാനിഷ് താരം യുറായി കൈ കൊണ്ട് തട്ടി. റഫറി സാങ്കേതികവിദ്യുടെ സഹായമാവശ്യപ്പെട്ടു. അങ്ങനെ ഓസീസിന് പെനാല്‍റ്റിയും ലഭിച്ചു. ഉന്നം പിഴയ്ക്കാതെ മിലൈ ജെഡിനാക് അത് ഡെന്‍മാര്‍ക്കിന്‍റെ പോസ്റ്റിലെത്തിച്ചു. അടുത്ത മത്സരങ്ങള്‍ ഡെന്‍മാര്‍ക്കിനും ഓസ്ട്രേലിയയ്ക്കും നിര്‍ണ്ണായകമാവുകയാണ്.

ഇന്നലെ നടന്ന മറ്റൊരു മത്സരം പെറുവും ഫ്രാന്‍സും തമ്മിലുള്ളതായിരുന്നു. ലോകകപ്പിന്‍റെ അടുത്ത ഘട്ടത്തില്‍ കടക്കാനുള്ള ഈ പോരാട്ടത്തില്‍ ഫ്രാന്‍സിന്‍റെ അക്രമണത്തിന്‍റെ കുന്തമുനയായത് ഒളിവര്‍ ജീറൂഡാണ്. മറുവശത്താവട്ടെ പെറു പോളോ ഗ്യുറെറോയെ മുന്നില്‍ നിര്‍ത്തി പടനയിച്ചു. ഫ്രാന്‍സിനെതിരെ ഉജ്ജ്വല പോരാട്ടമാണ് പെറു നടത്തിയത്. ആദ്യ പകുതിയിലെ ബോളിനുമുകളിലുള്ള 57-43 എന്ന നിയന്ത്രണ കണക്ക് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഡെന്‍മാര്‍ക്കിനോട് നിര്‍ഭാഗ്യം കൊണ്ട് തോറ്റ പെറുവിന് ഈ മത്സരത്തിലും അതിനെ മറികടന്ന് പോകാനുമായില്ല.

കളിയുടെ മുപ്പത്തിനാലാം മിനുറ്റില്‍ കൗമാര താരം കൈലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്‍റെ വിജയഗോള്‍ നേടിയത്. ഫ്രാന്‍സിനായി ഗോള്‍ നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ മത്സരത്തില്‍ അദ്ദേഹം സ്വന്തമാക്കി. ഇതിലൂടെ പ്രീക്വാര്‍ട്ടറിലേക്കുള്ള വഴിയും അവര്‍ വെട്ടിത്തുറക്കുകയും ചെയ്തു. ആരോരും ശ്രദ്ധിക്കാതെ നിറം മങ്ങിപ്പോയ ഫ്രാന്‍സ് ചുവട് വച്ചുകയറുന്നുവെന്ന സൂചന ടൂര്‍ണ്ണമെന്‍റ് നല്‍കുന്നുണ്ട്.

ലോകത്തെ ജനതയെ കൂട്ടിയോജിപ്പിക്കുകയും ആഹ്ളാദഭരിതമാക്കുകയും വിവിധ ഭാവങ്ങളുടെ ഒന്നിത്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ലോകകപ്പ് ഫുട്ബോള്‍. ഇത്തരം ഭാവങ്ങള്‍ ജനിപ്പിക്കുമ്പോഴും ഇതൊരു മത്സരത്തിന്‍റെ ഭാഗമാണെന്ന് ആത്യന്തികമായി കാണാനാവണം. ജീവിതത്തിലെ സങ്കീര്‍ണ്ണതകളുമായി ഇതിന് താരതമ്യമില്ല. വൈകാരികതകളില്‍ ജയ-പരാജയങ്ങളെ മുക്കിക്കൊല്ലേണ്ടതുമില്ല.

ജീവിതം മത്സരത്തേക്കാള്‍ എത്രയോ ഉപരിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കളി ആസ്വദിക്കാനാവണം. അപ്പോഴേ മത്സരങ്ങള്‍ ജീവിതാസ്വാദനത്തിന്‍റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളിലൊന്നായി മാറുകയുള്ളൂ. ജനതയെ ഭിന്നിപ്പിക്കാനല്ല. യോജിപ്പിക്കാനുള്ളതാണ് കായിക മത്സരങ്ങള്‍. ദുഖങ്ങളുടെ ആഴക്കടലൊരുക്കാനല്ല, വിഭിന്നങ്ങളായ ആഹ്ളാദത്തിന്‍റെ ഔന്നിത്യങ്ങളിലേക്ക് നയിക്കാനുമുള്ളതാവണമത്. അതിനായുള്ള വീറും വാശിയുമാണ് നാം പ്രദര്‍ശിപ്പിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here