എഡിജിപിയുടെ മകള്‍ പ്രതിയായ കേസ്; നിയമോപദേശം തേടി അന്വേഷണ സംഘം

എഡിജിപിയുടെ മകള്‍ പ്രതിയായ കേസില്‍ അറസ്റ്റിന് മുന്‍പ് നിയമോപദേശം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷനില്‍ നിന്നാവും നിയമോപദേശം തേടുക. അന്വേഷണ സംഘം ഇതിനോടകം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ഉള്‍ക്കൊളളിച്ചുളള സ്ഥിതിവിവിര റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനൊപ്പം നിയമോപദേശവും തേടാനാണ് ക്രൈംബ്രാഞ്ച് ഉദ്യേശിക്കുന്നത്

ADGP സുധേഷ്കുമാറിന്‍റെ മകള്‍ സ്നിഗ്ദ്ധ ഗവാസ്ക്കര്‍ക്ക് എതിരെ നല്‍കിയ പരാതിയിലും , ഗവാസക്കര്‍ സ്നിഗ്ദ്ധക്കെതിരെ നല്‍കിയ പരാതിയിലും അറസ്റ്റ് വേണ്ടതുണ്ടോ എന്ന കാര്യത്തില്‍ നിയമവ്യക്തത ലഭിക്കുന്നതിന് വേണ്ടിയാണ് നിയമോപദേശം തേടുക. ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന്‍ അഡ്വ.മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്നാവും നിയമോപദേശം തേടുക .

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെതാണ് തീരുമാനം. സ്ത്രീകള്‍ പ്രതികളായ കേസുകളില്‍ ഏ‍ഴ് വര്‍ഷത്തില്‍ താ‍ഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുളള കേസുകളാണെങ്കില്‍ ഉടനടി അറസ്റ്റ് വേണ്ടതില്ലെന്ന് ചില കോടതി വിധികള്‍ ഉളളതായി അന്വേഷണ സംഘത്തിന് അനൗദ്യോഗികമായ വിവരം ലഭിച്ചിട്ടുണ്ട് .ഇതില്‍ വ്യക്തത വരുത്തുക എന്നതാണ് നിയമോപദേശത്തിലൂടെ ലക്ഷ്യം വെക്കുന്നത് .

കേസിന്‍റെ സ്ഥിതി വിവര റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം തന്നെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് എത്തിച്ച് നല്‍കാനാണ് അന്വേഷണ സംഘം ഉദ്യേശിക്കുന്നത് . കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം ലഭ്യമായ മൊഴികള്‍ ,അതിലെ പൊരുത്തക്കേടുകള്‍ , എന്നീവ ഉള്‍പ്പേട്ടതാവും സ്ഥിതിവിവിര റിപ്പോര്‍ട്ട് . ലഭ്യമായ സാക്ഷി മൊഴികളും സാഹചര്യതെളിവുകളും, രേഖകളും പരിശോധിക്കുമ്പോള്‍ എഡിജിപിയും കുടുംബവും നല്‍കിയത് കളള മൊഴിയാണെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിചേര്‍ന്നിരിക്കുന്നത് .

അതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാനുളള അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നതായി മാധ്യമവാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട് . പ്രതിയായ സ്നിഗ്ദ്ധയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കേസില്‍ നിന്ന് തടിയൂരുക എന്നതാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല. ഒരു ഐജിയുടെ നേതൃത്വത്തിലാണ് ഇതിനുളള ശ്രമം നടക്കുന്നതെന്ന് സൂചനകള്‍ പുറത്ത് വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here