സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണവുമായി ആര്‍എസ്എസ്-ബിജെപി സംഘം; ‘ഇസ്ലാമിക് കിഡ്‌നി’യുടെ സ്വാധീനമാണോ ഇത്തരം തീരുമാനങ്ങള്‍ക്ക് കാരണമെന്ന് ഹിന്ദുത്വവാദികളുടെ ചോദ്യം; സുഷമയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണവുമായി ആര്‍എസ്എസ്-ബിജെപി അനുഭാവികള്‍.

മിശ്രവിവാഹിതരായ ദമ്പതികളുടെ പാസ്‌പോര്‍ട്ട് അപേക്ഷ നിരസിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെയാണ് സുഷമാ സ്വരാജിനെതിരെ സംഘപരിവാര്‍ അസഭ്യം പറഞ്ഞും അധിഷേപിച്ചും രംഗത്തെത്തിയത്.

ഉദ്യോഗസ്ഥനെ ശിക്ഷിച്ചതിലൂടെ സുഷമ സ്വരാജ് ഹിന്ദുക്കളെ അപമാനിക്കുകയാണെന്നാണ് ട്വിറ്ററിലെ സംഘ് പരിവാര്‍ ബ്രിഗേഡിന്റെ വാദം.

ട്വീറ്റുകളില്‍ ഉദ്യോഗസ്ഥനായ വികാസ് മിശ്രയെ പിന്തുണക്കുന്ന #IStandWithVikasMishra എന്ന ഹാഷ്ടാഗും കാണാം.

മറ്റാരുടെയോ ഒരു കിഡ്‌നി കടം വാങ്ങി ജീവിക്കുന്ന സുഷമാ സ്വരാജ് ഇനി അധികകാലം ജീവിക്കില്ലെന്നാണ് ഒരാളുടെ ട്വീറ്റ്.

മാറ്റി വച്ച ‘ഇസ്ലാമിക് കിഡ്‌നി’യുടെ സ്വാധീനമാണോ ഇത്തരം തീരുമാനങ്ങള്‍ക്ക് കാരണമെന്ന് മറ്റൊരു ഹിന്ദുത്വവാദി ചോദിക്കുന്നു.

സുഷമാ സ്വരാജിന്റേത് മുസ്ലീം പ്രീണനമാണെന്നും മതേതര പ്രതിഛായ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും പാകിസ്ഥാനികള്‍ക്ക് വിസ അനുവദിക്കാന്‍ പാടില്ലെന്നും തുടങ്ങി വിചിത്രമായ നിരവധി വാദങ്ങളാണ് സംഘികള്‍ സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തുന്നത്.

ഇതിനിടെ, സംഭവത്തില്‍ സുഷമ സ്വരാജിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

സംഘപരിവാറിനെ ചൊടിപ്പിച്ച സംഭവം ഇങ്ങനെ:

ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായതിനെ തുടര്‍ന്ന് മുഹമ്മദ് അനസ് സിദ്ദിഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ സുഷമാ സ്വരാജിന് പരാതി സമര്‍പ്പിച്ചിരുന്നു.

അനസ് സിദ്ദിഖി ഹിന്ദുമതം സ്വീകരിച്ചാല്‍ മാത്രമേ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാനാകൂ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്.

ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഷമാ സ്വരാജ് ജീവനക്കാരനെ സ്ഥലം മാറ്റുകയും ദമ്പതികള്‍ക്ക് പിറ്റെദിവസം തന്നെ പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News