അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സിനിമ രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ രംഗത്ത്

അമ്മയില്‍ നിന്ന് രാജിവച്ച 4 നടിമാരുടെ നടപടിക്ക് പിന്തുണയുമായി സിനിമ രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ രംഗത്ത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയെയും , അമ്മയിലെ സ്ത്രീവിരുദ്ധമായ പ്രവണതകളെയും കടുത്ത ഭാഷയിലാണ് ഇവര്‍ വിമര്‍ശിച്ചത്.

രാജിവച്ച നടിമാരുടെ നടപടിക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. നടിമാരുടെ നീക്കത്തെ പൂര്‍ണമായും പിന്തുണച്ച ഇവര്‍ അമ്മ സംഘടനയുടെ നടപടി തീര്‍ത്തും സ്ത്രീവിരുദ്ധമെന്നും വിമര്‍ശിച്ചു. നടിമാരുടെ രാജിക്ക് ജനാധിപത്യ കേരളമാകെ പിന്തുണനല്‍കുമെന്നായിരുന്നു സിപിഐഎം പിബി അംഗം എംഎബേബിയുടെ പ്രതികരണം.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടി ആധുനിക കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ബേബി ഫേസ്ബുക്കില്‍ കുറിച്ചു. അമ്മ ഒരു മാ‍ഫിയ ക്ലബ്ബായി മാറിയെന്നും ജനാധിപത്യമില്ലാത്ത സംഘടനയില്‍ നിന്നും രാജിവച്ച നടിമാരുടെ തീരുമാനം ചരിത്രപരമെന്നുമായിരുന്നു ആഷിഖ് അബു പ്രതികരിച്ചത്.

നടിമാരുടേത് ജനാധിപത്യപ്രതിഷേധമെന്നും നടിമാരുടെ തീരുമാനത്തിന് അഭിനന്ദനങ്ങളുമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. അമ്മയില്‍ നിന്നും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നെന്ന് രാജ്യസഭാഗവും ബിജെപി നേതാവുമായ വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പ് പറയണമെന്നും ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി ബുദ്ധിമോശമെന്നും സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി. നടിമാരുടെ രാജിക്ക് പിന്നാലെ അമ്മയുടെ നടപടിയില്‍ വിമര്‍ശനം രേഖപ്പെടുത്തിയും നടിമാരെ പിന്തുണച്ചും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News