സംസ്ഥാന അധ്യക്ഷനെ ചൊല്ലി ബിജെപിയില്‍ ചേരിപ്പോര്; അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാത നടപടിയെന്ന് അമിത് ഷാ

ബിജെപിയുടെ കേരളാ ഘടകത്തിലെ ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാത നടപടിയെടുക്കുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചേരിപ്പോരിനെ കുറിച്ച് അമിത് ഷായുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകര്‍ കൂട്ട പരാതി അയച്ച സാഹചര്യത്തിലാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ അമിത്ഷാ നേരിട്ട് ഇടപ്പെടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. നിലവില്‍ കേരളത്തില്‍ ചേരിപ്പോരില്ലെന്ന് പറയുന്ന കേരളാ നേതാക്കളുടെ പ്രവൃത്തിയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധരന്‍ റാവുവിനോട് റിപ്പോര്‍ട്ട് നല്‍കാനും അമിത് ഷാ ആവശ്യപ്പെട്ടു്.

സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടികാട്ടി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇംഗ്ലീഷിലും മലയാളത്തിലും പരാതി പറഞ്ഞിരിക്കുന്നത്. അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വി.മുരളീധരന്‍ പക്ഷവും പികെ കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള സ്വരചേര്‍ച്ചകള്‍ മറനീക്കി പുറത്തുവന്നതിനു പിന്നാലെയാണ് പ്രവര്‍ത്തകരുടെ പ്രകടനവും.

കൂടിയാലോചിക്കാതെ കുമ്മനം രാജശേഖരനെ മാറ്റിയ നടപടിയിലും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News