കണ്ണൂർ ചിന്മയ സ്കൂളിലെ തൊഴിൽ പീഡനം; അനിശ്ചിതകാല സമരം ശക്തിയാർജിക്കുന്നു

കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ തൊഴിൽ പീഡനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന അനിശ്ചിതകാല സമരം ശക്തിയാർജിക്കുന്നു. അദ്ധ്യാപികയെ അപമാനിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ചിന്മയ മിഷൻ സെക്രട്ടറി കെ കെ രാജൻ ശ്രമിക്കുകയാണെന്ന് സമര സമിതി ആരോപിച്ചു.മാനേജ്‌മന്റ് ഭീഷണിപ്പെടുത്തി ഒപ്പ് ശേഖരണം നടത്തിയതായും ജീവനക്കാർ ആരോപിച്ചു.

സ്ഥാപനത്തിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്യുകയായിരുന്ന പി സീമയെ സെക്രട്ടറി കെ കെ രാജൻ അപമാനിക്കുകയും ഇതിൽ പരാതി നൽകിയതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.അപമാനിച്ച സംഭവത്തിൽ തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് മാനേജ്‌മന്റ് ശ്രമിക്കുന്നതെന്ന് സമരം ചെയ്യുന്ന ജീവനക്കാർ ആരോപിച്ചു.

സി സി ടി വി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു കൊണ്ടാണ് അത്തരം ഒരു നീക്കം നടക്കുന്നത്. വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സമരത്തിനെതിരെ ഭീഷണിപ്പെടുത്തി ഒപ്പ് ശേഖരണം നടത്തുകയാണെന്നും ജീവനക്കാർ ആരോപിച്ചു.

സെക്രട്ടറി കെ കെ രാജന്റെ തൊഴിൽ പീഡനത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവവും ഉൾപ്പെടെ ഉയർത്തിക്കാട്ടി ചിന്മയ മിഷൻ സ്ഥാപക അംഗങ്ങളും മുൻ ജീവനക്കാരും സമരത്തിന് ഐക്യ ദാർഢ്യവുമായി എത്തി.

ചാല ചിന്മയ വിദ്യാലയത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിത കാല സമരം തിങ്കളാഴ്ച മുതൽ ശക്തിപ്പെടുത്താനാണ് സമര സമിതിയുടെ തീരുമാനം.

ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ സംഘടനകളും വ്യക്തികളും സമരത്തിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News