ബീഫിന്‍റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയ കേസ്; 8 പ്രതികള്‍ക്ക് ജാമ്യം

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരിയെന്നയാളെ കൊലപ്പെടുത്തിയ കേസില്‍ 8 പ്രതികള്‍ക്ക് ജാമ്യം. വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടികാട്ടിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പേര്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാജ്യത്ത് ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ വിധി വന്ന ആദ്യ കേസിലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പശുവിറച്ചി വാഹനത്തില്‍ കടത്തിയന്നാരോപിച്ച് 2017 ജൂണിലായിരുന്നു അലിമുദ്ധീന്‍ അന്‍സാരിയെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 16 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 20 ന് പതിനൊന്നു പ്രതികള്‍ക്കും അതിവേഗ വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിരുന്നു.

എന്നാല്‍ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലിമുദ്ദീന്‍ അന്‍സാരി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അലിമുദ്ധീന്‍ അന്‍സാരിയെ പ്രതികള്‍ മര്‍ദിക്കുന്നതിന് ദൃക്‌സാക്ഷികളില്ലെന്നും അന്‍സാരിയെ ജനക്കൂട്ടം തടഞ്ഞുവെച്ചപ്പോള്‍ പ്രതികള്‍ ആള്‍കൂട്ടത്തിന്റെ ഭാഗമാവുക മാത്രമാണുണ്ടായതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി എം ത്രിപാതി കോടതിയെ അറിയിച്ചു.

പുറത്ത് വന്ന വീഡിയോയിയിലും ഇവര്‍ അക്രമിക്കുന്ന ദൃശ്യങ്ങളില്ല. ബിജെപിയുടെ പ്രാദേശിക നേതാവായ നിത്യനാഥ് മെഹാതോയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് ഗോരക്ഷാ കൊലപാതകത്തിന്റെ പേരിലുള്ള കേസില്‍ ആദ്യ ശിക്ഷാ വിധിയായ കേസിലാണ് ഇപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ ഒരു സാക്ഷി വാദം നടക്കുന്നതിനിടെ വാഹനപകടത്തില്‍ മരിച്ചിരുന്നു. ഇത് കൊലപാതകമാണെന്ന് എല്ലാവരും സംശയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here