ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ അടിയന്തിരയോഗം നാ‍ളെ ചേരും

ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ ഐപിഎസ് അസോസിയേഷന്‍റെ അടിയന്തിരയോഗം  തിരുവനന്തപുരത്ത് നാ‍ളെ ചേരും.

ക്യാമ്പ് ഫോളോവര്‍ വിഷയത്തില്‍ ഡിജിപി അടക്കമുളള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ അസോസിയേഷന് ആയില്ലെന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ചേരുക. അസോസിയേഷന് രജിസ്ട്രേഷനും ,ബൈലോയും വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം

ഐപിഎസ് അസോസിയേഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുളള ഏറ്റവും വലിയ പ്രതിസന്ധിയാണ് നേതൃത്വം നേരിടുന്നത്. ക്യാമ്പ് ഫോളോവര്‍ വിഷയത്തില്‍ കേരളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാധ്യമങ്ങള്‍ കടന്നാക്രമിച്ചപ്പോള്‍ അസോസിയേഷന്‍ നിശബ്ദമായിരുന്നുവെന്നാണ് ഒരു വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതി .

ജമ്മുകാശ്മീരില്‍ വെച്ച് തീവ്രവാദിസംഘടനകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോ‍ഴിക്കോട് കമ്മീഷണര്‍ കാളിരാജ് മഹേശ്വറിന്‍റെ കുടുംബത്തെ പറ്റി പോലും വ്യക്തിഹത്യ ചെയ്ത് വാര്‍ത്ത വന്നപ്പോള്‍ അസോസിയേഷന്‍ ഒന്നും മിണ്ടിയില്ലെന്നാണ് ഈ വിഭാഗം യോഗത്തില്‍ ആരോപണം ഉന്നയിക്കും.

അസോസിയേഷന് ഭരണഘടനയോ, വ്യവസ്ഥാപിതമായ ചട്ടക്കൂടോ ഇല്ലെന്നും, തിരഞ്ഞെടുപ്പുകള്‍ പ്രഹസനമാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യുന്നതിന് തടസം ഇല്ലെന്നും , എന്നാല്‍ അതിര് കടന്ന ട്രേഡ് യൂണിയന്‍ സ്വഭാവത്തോടെ ഐപിഎസ് അസോസിയന്‍ പ്രവര്‍ത്തനം സേനയില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്നാണ് മറു വിഭാഗത്തിന്‍റെ വാദം .

സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുളള ഹൃദയബന്ധത്തിന് കോട്ടം തട്ടാന്‍ പുതിയ നീക്കം വ‍ഴിവെക്കുമെന്നാണ് ആ വിഭാഗത്തിന്‍റെ വാദം. ഐപിഎസ് ഉന്നതോദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ച ദിവസമാണ് യോഗം ചേരാനാവശ്യപ്പെട്ട് ഒരു വിഭാഗം അസോസിയേഷന്‍ സെക്രട്ടറി .പി പ്രകാശിന് കത്ത് നല്‍കിയത് .

മുപ്പത് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഒരു കത്തും ,ഏട്ട് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട വെവ്വേറെ കത്തുകളുമാണ് പി പ്രകാശിന് ലഭിച്ചത് .ടോമിന്‍ തച്ചങ്കരി,എസ് ആനന്ദകൃഷ്ണന്‍ ,ബി സന്ധ്യ, നിഥിന്‍ അഗര്‍വാള്‍ , ടി.കെ വിനോദ് കുമാര്‍ എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗം ചേരാന്‍ ആവശ്യപ്പെട്ട് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത് .

ഏ‍ഴ് ഐജിമാരും, ഒരു ഡിഐജിയും, ഒരു പറ്റം യുവ ഐപിഎസ് ഒാഫീസറമാരുമടക്കം 38 പേരാണ് കത്തിലൊപ്പ് വെച്ചിരിക്കുന്നത്.നിലവില്‍ ഫയര്‍ഫോ‍ഴ്സ് മേധാവി എ.ഹേമചന്ദ്രന്‍ പ്രസിഡന്‍റും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് സെക്രട്ടറിയുമായ അസോസിയേഷനാണ് ഭരണം നിര്‍വഹിക്കുന്നത് .

യുപിഎസ് സി എം പാനല്‍ ചെയ്യുന്നവരെ മാത്രമേ ഡിജിപി സ്ഥാനത്തേക്ക് നിയമിക്കാവു എന്ന സുപ്രീംകോടതി വിധിയും നാളെത്തെ യോഗം ചര്‍ച്ച ചെയ്തേക്കും. വിവാദനായകനായ എഡിജിപി സുധേഷ്കുമാര്‍ യോഗത്തില്‍ പങ്കെടുക്കുമോ എന്നത് ഇനിയും അറിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News