പോപ്പുലർ ഫ്രണ്ട് സംഘപരിവാറിന്റെ മറുപതിപ്പ്: എം വി ജയരാജൻ

വർഗീയത ഏതായാലും നാടിനാപത്താണ്. ഭൂരിപക്ഷവർഗീയത ഉയർത്തുന്ന വെല്ലുവിളികൾക്കെതിരായി മതനിരപേക്ഷതയെ അടിസ്ഥാനമാക്കി എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഒരുമിച്ച് പൊരുതുമ്പോൾ ന്യൂനപക്ഷ വർഗീയത സംഘപരിവാറിനെ ശക്തിപ്പെടുത്തുന്ന കോടാലിക്കയ്യാണ്. ഇക്കാര്യം ഒട്ടേറെ തവണ നമുക്ക് ബോധ്യമായിട്ടുണ്ട്. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കൊലപ്പെടുത്തുക വഴി പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദരാഷ്ട്രീയമാണ് മറനീക്കി പുറത്തുവന്നത്.

1992 ഡിസംബർ 6ന് ബാബ്‌റി മസ്ജിദ് സംഘപരിവാർ തകർത്തതിനെ തുടർന്നാണ് സമീപകാല ചരിത്രത്തിൽ ന്യൂനപക്ഷം വർഗീയമായും തീവ്രവാദപരമായും വ്യത്യസ്തപേരുകളിലുള്ള സംഘടനകളിലൂടെ ശക്തിപ്പെടാൻ പരിശ്രമിച്ചത്. ഫാസിത്തെ തടയാൻ തീവ്രവാദത്തിന് ആവില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. മതനിരപേക്ഷത മാത്രമാണ് ശരിയായ വഴിയെന്നാണ് ഇടതുപക്ഷത്തിന്റെ ഉറച്ചനിലപാട്.

1995ൽ രൂപംകൊണ്ട എൻഡിഎഫ് പിന്നീട് പോപ്പുലർ ഫ്രണ്ടായും എസ്ഡിപിഐയായും രൂപാന്തരപ്പെട്ടു. മുസ്ലീംമതവിശ്വാസികൾ തന്നെ ഇക്കൂട്ടർ ഉയർത്തിയ തീവ്രവാദ ആശയങ്ങൾക്കെതിരെ രംഗത്തുവന്നു. 1995ൽ ആരംഭിച്ച തീവ്രവാദപ്രവർത്തനത്തിലൂടെ ന്യൂനപക്ഷത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷത്തിനിടയിൽ 33 പേരെ കൊന്നുതള്ളാൻ അവർക്ക് കഴിഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒൻപത് പേർ സിപിഐ(എം) പ്രവർത്തകരാണ്.

ആർ.എസ്.എസ്. അന്യദേശങ്ങളിൽ പ്രചാരകന്മാരായി ആയുധപരിശീലനം നേടിയവരെ നിയോഗിക്കുന്നതുപോലെ കാമ്പസുകളിൽ തീവ്രവാദികളെ സൃഷ്ടിക്കുന്നതിന് പോപ്പുലർ ഫ്രണ്ടും ആളുകളെ നിയോഗിക്കുകയാണ്. മഹാരാജാസിൽ കൊലപാതകത്തിന് നേതൃത്വം കൊടുക്കാൻ അർദ്ധരാത്രിയിൽ ഒത്തുകൂടിയവർ എറണാകുളത്തുള്ളവർ മാത്രമല്ല. മറ്റു ജില്ലകളിൽ നിന്നുകൂടി ഒത്തുകൂടിയവരാണ്. മുൻകൂട്ടി ആസൂത്രണം ചെയ്യാതെ ഒരു കേമ്പസ്സിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പോലുമല്ലാത്തവർ എങ്ങിനെ എത്തിച്ചേർന്നു?

കലാലയങ്ങളിൽ തീവ്രവാദം കടന്നുചെന്നാൽ ഭാവി തലമുറയെ അത് നശിപ്പിക്കും. തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കപ്പെട്ടാൽ അവർ ഭീകരവാദികളായും രാജ്യദ്രോഹികളായും മാറാൻ അധികസമയം വേണ്ട. ഭീകരവാദപ്രവർത്തനത്തിനുള്ള റിക്രൂട്ടിങ്ങ് കേന്ദ്രമായി കലാലയങ്ങളെ മാറ്റാനാണ് പോപ്പുലർ ഫ്രണ്ടുകാർ ലക്ഷ്യമിട്ടത്.

കയ്യൂക്കുകൊണ്ട് കാമ്പസുകൾ കീഴടക്കുന്ന എസ്എഫ്‌ഐയുടെ ഏകാധിപത്യ പ്രവണതയാണ് കാമ്പസുകളെ കലാപകേന്ദ്രമാക്കുന്നത് എന്ന ആരോപണങ്ങൾ കൊണ്ട് മഹാരാജാസ് ആക്രമണത്തെ വെള്ളപൂശാനുള്ള ശ്രമം ‘രാഷ്ട്രീയനിരീക്ഷകന്മാരും’ ചില ‘മുതിർന്ന’ രാഷ്ട്രീയ നേതാക്കളും നടത്തുകയുണ്ടായി. കേരളത്തിലെ കാമ്പസ്സുകൾ എന്നും മതേതര വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ സ്വാധീനമുള്ള കേന്ദ്രങ്ങളായിരുന്നു എന്ന ചരിത്രം ഓർമപ്പെടുത്തുക മാത്രമാണ് അതിനുള്ള ഉത്തരം.

അഭിമന്യുവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന യോഗത്തിൽ അദ്ധ്യാപകരും സഹപാഠികളും കണ്ണുനീരോടെയാണ് പങ്കുചേർന്നത്. കേരളമൊട്ടാകെ ഈ കൊലപാതകത്തെ എതിർത്തുതന്നെ സംസാരിച്ചു. അക്രമരാഷ്ട്രീയത്തിനെതിരായുള്ള പോരാട്ടത്തിന് അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വർഗീയ-മതമൗലിക-മനസ്സുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയല്ല, കലാലയങ്ങളുടെ ലക്ഷ്യം. പ്രതിലോമ ചിന്താഗതികൾക്കെതിരായും അരാഷ്ട്രീയവൽക്കരണത്തിനെതിരായും പൊരുതുന്ന കേന്ദ്രമായി കലാലയങ്ങൾ മാറട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News