ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

തായ്‌ലന്റില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിച്ചു.

18 മുങ്ങല്‍വിദഗ്ദര്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ഗുഹയില്‍ പ്രവേശിച്ചു. മറ്റ് പ്രതികൂല സാഹചര്യങ്ങളില്ലെങ്കില്‍ 2 മുതല്‍ 4 ദിവസത്തിനുള്ളില്‍ മുഴുവന്‍ കുട്ടികളെയും പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

കനത്തമഴയ്ക്ക് ശനിയാഴ്ചയോടെ ശമനമുണ്ടായ സാഹചര്യത്തിലാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചത്. 13 അന്താരാഷ്ട്ര മുങ്ങല്‍ വിദഗ്ദരുള്‍പ്പെടെ 18 പേരാണ് ഇന്ന് രാവിലെ 10 മണിയോടെ കുട്ടികളെ പുറത്തെത്തിക്കാനായി ഗുഹയിലേക്ക് കടന്നത്.

ഓരോ കുട്ടികളെയും വെവ്വേറെയായിരിക്കും പുറത്തെത്തിക്കുക. ഓരോ കുട്ടിയെയും പുറത്തെടുക്കാന്‍ 11 മണിക്കൂറോളം എടുക്കുമെന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ചിയാങ് ഷായ് ഗവര്‍ണര്‍ നരോഗ്‌സാക് പറഞ്ഞത്.

മറ്റ് പ്രതിസന്ധികളില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യത്തെ കുട്ടിയെ ഇന്ന് രാത്രി 9 മണിയോടെ പുറത്തെത്തിക്കാനാകും. രക്ഷപ്പെടുത്തുന്ന കുട്ടികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ചിയാങ് റായ് പ്രചാനുക്രോ ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഗവര്‍ണര്‍ പറഞ്ഞു.

മുഴുവന്‍ പേരെയും ഈ രീതിയില്‍ 2 മുതല്‍ 4 ദിവസത്തിനുള്ളില്‍ പുറത്തെത്തിക്കാനാകുമെന്നുമാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഓരോ കുട്ടിയുടെയും മുന്നിലും പിന്നിലുമായി ഡൈവര്‍മാരെ സജ്ജമാക്കിയായിരിക്കും കുട്ടികളെ പുറത്തെത്തിക്കുക.

ഇരുട്ട് നിറഞ്ഞ വഴികളിലൂടെ നീന്തലറിയാത്ത കുട്ടികളെയും കൊണ്ട് 4 കിലോമീറ്റര്‍ ദൂരം മോശം കാലാവസ്ഥയില്‍ സഞ്ചരിക്കകുകയെന്ന ശ്രമകരമായ ദൗത്യമാണ് രക്ഷാപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താന്‍ തായിലന്റ് പ്രധാനമന്ത്രി പ്രയുത് ചന്‍ ഓച്ച നാളെ തവാം ലുവാങ്ങിലെത്തും. കുട്ടികള്‍ക്കായുള്ള ദിവസങ്ങളോളം നീണ്ട കാത്തിരിപ്പിന് ഉടന്‍ വിരാമമാകുമെന്ന പ്രത്യാശയിലാണ് രക്ഷിതാക്കളും ലോകവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News