പോപ്പുലർ ഫ്രണ്ടുൾപ്പെടെയുള്ള തീവ്രവാദശക്തികൾ മുസ്ലിങ്ങളുടെ ശത്രുക്കള്‍

അഭിമന്യു കോളേജ് വളപ്പിൽവച്ച് നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട സംഭവം, ക്യാമ്പസ് ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദസംഘടനയുടെ ഭീകരമുഖം അനാവരണംചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാസംഘടനയായി മാറിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യുടെ ആശയത്തണലിൽ, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളിൽ സാന്നിധ്യമുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ തനിനിറം പലർക്കും മനസ്സിലായിരുന്നില്ല.

പോപ്പുലർ ഫ്രണ്ടും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്ഡിപിഐയും മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയാണ‌്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരാൾക്കും അനുകൂലിക്കാനാകാത്ത ഹീനമാർഗത്തിലൂടെയാണ് ഇക്കൂട്ടരുടെ സഞ്ചാരം.

‘അഭിമന്യു’ ഇന്ന് കേരളത്തിന്റെ നൊമ്പരമാണ്. ഒരു ദരിദ്രകുടുംബത്തിൽനിന്ന് വന്ന അഭിമന്യുവിന് ഒരു സ്വപ്നമുണ്ടായിരുന്നു. തന്റെ പഠനത്തോടൊപ്പം നാടിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നം. അതാണ് കോളേജ് മതിലിൽ അവസാനമായി അവൻ എഴുതിയ ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം നൽകുന്ന സൂചന. അഭിമന്യുവിന്റെ ഹൃദയംഭേദിച്ച് കയറിയ കൊലക്കത്തി ഏന്തിയവരും ഭയപ്പെട്ടത് അവൻ ഉയർത്തിപ്പിടിച്ച മാനവികതയുടെ ആശയത്തെയാണ്.

ഒറ്റക്കുത്തിന് ഒരാളെ മരണത്തിലേക്ക് എത്തിക്കുന്നവിധം പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് അഭിമന്യുവിന്റെ ജീവനെടുത്തത‌്.’എസ്എഫ്ഐ‐ ക്യാമ്പസ് ഫ്രണ്ട് സംഘർഷം’ എന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്നീട് നൽകിയ വിശദീകരണം ശുദ്ധ കളവാണ്. അത്തരം ഒരു സംഘർഷമുണ്ടായിരുന്നെങ്കിൽ, അപ്പുറത്ത് ഒരാൾക്കെങ്കിലും നിസ്സാരപരിക്ക‌് ഏൽക്കേണ്ടിയിരുന്നില്ലേ? തികച്ചും ആസൂത്രിതമായ കൊലപാതകം. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന ‘കില്ലർ സ്ക്വാഡി’ന്റെ ഓപ്പറേഷൻ! ഒരു ഭീകരപ്രസ്ഥാനത്തിന് മാത്രം ചെയ്യാൻ കഴിയുന്നതാണിത്.

നാഷണൻ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ (എൻഡിഎഫ്) പിൻഗാമിയായിട്ടാണ് 2006 ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പിറവിയെടുത്തത്. കേരളത്തിലെ ‘എൻഡിഎഫ്’ തമിഴ്നാട്ടിലെ ‘മനിത നീതിപസരൈ’, ‘കർണാടക ഫോറം ഫോർ ഡിഗ്നിറ്റി’ തുടങ്ങിയ തീവ്രവാദ സംഘടനകൾ ചേർന്നാണ് പിഎഫ്ഐ രൂപീകരണം. ആർഎസ്എസിനെ പോലെ പോപ്പുലർ ഫ്രണ്ടിനും വിവിധ പോഷകസംഘടനകളുണ്ട്. അതിലൊന്നാണ് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം ഡൽഹിക്കടുത്ത നോയിഡയാണ്.

രൂപീകരണകാലംതൊട്ട് പോപ്പുലർ ഫ്രണ്ട് നിരവധി മുസ്ലിം തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. നിരവധി അക്രമങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിട്ടുണ്ട്. ഒരു ചോദ്യപേപ്പറിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്നാരോപിച്ച‌് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയത‌് ഇൗ സംഘമാണ‌്. 2013 ൽ വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനിന്ന‌് മാരകായുധങ്ങൾ, തോക്കുകൾ, ബോംബുകൾ, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തു. സിമി എന്ന തീവ്രവാദസംഘടനയുടെ പിന്മുറക്കാരാണ് പിഎഫ്ഐ.
1993ൽ സിമി നിരോധിക്കപ്പെട്ടു. പരസ്യപ്രവർത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കൾക്കുകൂടി പങ്കുള്ള സംഘടനയാണ് പിന്നീട് രൂപം കൊണ്ട എൻഡിഎഫ്. തുടർന്നാണ് പിഎഫ്ഐ രൂപംകൊള്ളുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാൻ അബ്ദുൾ റഹ‌്മാൻ സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് മാസ്റ്റർ, സിമിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ താത്വികാചാര്യന്മാരിൽ ഒരാളായ പ്രൊഫ. കോയ (കോഴിക്കോട്) മുൻ സിമി നേതാവാണ്. സിമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോപ്പുലർ ഫ്രണ്ടിന്റെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു.

2013 ഏപ്രിലിൽ കണ്ണൂരിലെ നാറാത്ത്, പോപ്പുലർ ഫ്രണ്ടിന്റെ ഒരു ക്യാമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ തീവ്രവാദബന്ധം തെളിയിക്കുന്ന നിരവധി രേഖകൾ കണ്ടെടുത്തു. 21 പ്രവർത്തകരെ അന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പിന്നീട് എൻഐഎ അന്വേഷണം നടത്തി. 2012 ൽ കേരള സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സിപിഐ എം‐ആർഎസ്എസ് സംഘടനകളിൽപെട്ട 27 പേരെ, പോപ്പുലർ ഫ്രണ്ട‌് സംഘം കൊലപ്പെടുത്തിയതായി വ്യക്തമാക്കി. ഇതിന് പുറമെ വർഗീയ കൊലപാതകങ്ങൾ, 86 വധശ്രമങ്ങൾ, 106 വർഗീയസംഘർഷങ്ങൾ എന്നിവകളിലും പോപ്പുലർ ഫ്രണ്ട്‐ എൻഡിഎഫ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന് 2014ൽ സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആ കാലത്ത് പൊലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആബിദ് പാഷ 6 കൊലക്കേസിൽ പ്രതിയായിരുന്നു.

2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലർ ഫ്രണ്ടിന്റെ സംഘമാണ‌്. 2005 ൽ ബേപ്പൂർ പോർട്ടിലെ ബോട്ടിൽ നടന്ന ബോംബ് സ്ഫോടനവും 2006ൽ കോഴിക്കോട് ബസ് സ്റ്റാൻഡിലെ സ്ഫോടനവും പോപ്പുലർ ഫ്രണ്ട് നടത്തിയതാണ‌്. രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്തയക്കുന്നതായും പരാതിയുണ്ട്. അങ്ങനെ റിക്രൂട്ട് ചെയ്ത് കശ‌്മീരിലേക്കയച്ച 4 കേരളീയർ 2008ൽ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. തീവ്രവാദി റിക്രൂട്ട്മെന്റ് കേസിൽ 18 പേരെ അറസ്റ്റ് ചെയ്തു. ലഷ്കർ ഇ തോയ‌്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവർത്തകനായ തടിയന്റവിട നസീർ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടതിന്റെ തെളിവുണ്ട‌്.

വടക്കുകിഴക്കൻ സംസ്ഥാനക്കാരെ ഭയപ്പെടുത്തി, നാട്ടിലേക്ക് തിരിച്ച് പോകാൻ പ്രേരിപ്പിച്ച ‘വാട്സാപ്’ പ്രചാരണം നടതതിയതും കശ‌്മീരിലെ കഠ‌്‌വയിലെ പെൺകുട്ടിയെ ആർഎസ്എസുകാർ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാൻ, കേരളത്തിൽ ‘വാട്സാപ്’ സന്ദേശങ്ങളിലൂടെ ഹർത്താൽ സംഘടിപ്പിച്ചതും ഇവരാണ്. ഈ ഹർത്താൽ ദിവസം, മഞ്ചേരിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും ലഹള ഉണ്ടാക്കാനുമായി ഒത്തുകൂടിയത‌് അയ്യായിരത്തോളം പോപ്പുലർ ഫ്രണ്ട്‐ എസ്ഡിപിഐ പ്രവർത്തകരായിരുന്നു.

കേരളത്തിൽ എൻഡിഎഫ്‐ പോപ്പുലർ ഫ്രണ്ട്‐ എസ്ഡിപിഐ‐ കൊലയാളി സംഘങ്ങൾ, 1995മുതൽ 2018വരെ ആസൂത്രിതമായി കൊല ചെയ്തത് 31 പേരെയാണ്. 2000‐ 2018 കാലത്ത് 14 കൊലപാതകങ്ങളാണ് ഇവർ നടത്തിയത്.

മഞ്ചേരി ‘ഗ്രീൻവാലി’ പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ വിധ്വംസകപ്രവർത്തനങ്ങളുടെയും ആസൂത്രണ നിർവഹണ കേന്ദ്രമാണ്. മഞ്ചേരിയിലെ സിഐടിയു നേതാവും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ ഷംസുദീനെ ഈശ്വരനിഷേധിയെനനനൊരോപിച്ച‌്എൻഡിഎഫുകാർ വെട്ടിനുറുക്കി. ഷംസുദീന്റെ ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. മഞ്ചേരി ടൗണിലെ ‘സദാചാര പൊലീസാ’യി ഈ സംഘം പ്രവർത്തിക്കുന്നു. സദാചാരവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നവർ എന്നാരോപിക്കപ്പെട്ട ഒരു സ്ത്രീയെ തല മുണ്ഡനംചെയ്ത സംഭവമുണ്ടായി. മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലെ വിദ്യാർഥി തസ്നിബാനു യുക്തിവാദിയായ കൊടവണ്ടി നാസറുമായി പ്രണയത്തിലായപ്പോൾ എൻഡിഎഫ് സംഘം ആ ബന്ധം ഉപേക്ഷിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.

അവൾ വഴങ്ങിയില്ല. തുടർന്ന് വീട്ടുകാരെ ഭയപ്പെടുത്തി കുട്ടിയെ വീട്ടുതടങ്കലിലാക്കി. രക്ഷപ്പെട്ട‌് പുറത്തുവന്ന തസ്നിബാനു നാസറുമായി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിന് സാക്ഷികളായ ഇ എ ജബ്ബാർ മാസ്റ്ററെയും ഭാര്യയെയും എൻഡിഎഫുകാർ വീട്ടിൽ കയറി തല്ലി. പോപ്പുലർ ഫ്രണ്ടിന്റെ ക്രിമിനൽ സങ്കേതമായ ‘ഗ്രീൻവാലി’ പരിസരത്തുള്ള മുസ്ലിം വീടുകളിലെ പുരുഷന്മാരിൽ ‘സുബ്ഹി’ നമസ്കാരത്തിന് പള്ളിയിൽ പോകാത്തവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തലും പതിവാണ്. ഒരു തരം താലിബാനിസമാണ് ഇവർ നടപ്പാക്കുന്നത്.

മറ്റ് മതങ്ങളിൽനിന്ന് മാറി ഇസ്ലാംമതം സ്വീകരിക്കുന്നവരെ മതം പഠിപ്പിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന മഞ്ചേരിയിലെ കേന്ദ്രമാണ് ‘സത്യസരണി’. മറ്റ് മതങ്ങളിൽനിന്ന് ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും നേതൃത്വം നൽകുകയുംചെയ്യുന്ന ഈ തീവ്രവാദികൾ, ഇസ്ലാം മതത്തിൽനിന്ന് ഒരാളും മറ്റ് മതങ്ങളിലേക്ക് മാറുന്നതിനെ അംഗീകരിക്കില്ല. അത്തരക്കാരെ വകവരുത്തിക്കളയും. മുസ്ലിം സ്ത്രീകളുമായി പ്രണയബന്ധമാരോപിച്ചാണ് തൃശൂർ വാടാനപ്പള്ളിയിലെ ഉദയനെയും കണ്ണൂർ സിറ്റിയിലെ വിനോദിനെയും എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയത്. നാദാപുരത്തിനടുത്ത് തെരുവംപറമ്പിൽ നഫീസ എന്ന മുസ്ലിം സ്ത്രീയെ ബലാത്സംഗംചെയ്തു എന്ന കള്ള ആരോപണം ഉന്നയിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ബിനുവിനെ കല്ലാച്ചി ടൗണിലിട്ട് വെട്ടിക്കൊന്നത്.

ഇസ്ലാം എന്നാൽ സമാധാനം എന്നാണർഥം. എന്നാൽ, പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ, ഒരു മുസ്ലിം തീവ്രവാദസംഘടനയും ആ ഇസ്ലാമിനെ അംഗീകരിക്കുന്നില്ല. അൽ ഖായ‌്ദ, താലിബാൻ, ലഷ്കർ ഇ തോയ‌്ബ, ജെയ്ഷെ മുഹമ്മദ്, അൽഉമ, ഐഎസ് തുടങ്ങി എല്ലാ തീവ്രവാദികളും മനുഷ്യരെ നിർദയം കൊന്നുതള്ളുന്നവരാണ്. സാമ്രാജ്യത്വമാണ് ഈ സംഘങ്ങളെയെല്ലാം വളർത്തിയത്. സോവിയറ്റ് യൂണിയനെയും അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് പാർടി സർക്കാരിനെയും തകർക്കാനാണ് ഉസാമാ ബിൻലാദന്റെ നേതൃത്വത്തിൽ താലിബാൻ എന്ന ഭീകര പ്രസ്ഥാനത്തെ അമേരിക്കൻ സാമ്രാജ്യത്വം പാലൂട്ടി വളർത്തിയത്. അധ്വാനിക്കുന്ന വർഗങ്ങളെ കൊള്ളയടിച്ച് സമ്പത്ത് വാരിക്കൂട്ടുന്ന വൻകിട അന്താരാഷ്ട്ര കുത്തകകൾക്ക് എതിരായി ജനങ്ങളുടെ യോജിച്ച പ്രസ്ഥാനം ഉയർന്ന് വരാതിരിക്കലാണ് അവരുടെ ലക്ഷ്യം.

പോപ്പുലർ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭത്സമുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശസംരക്ഷണത്തിന്റെ മറ കെട്ടി ഉയർത്തും. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ ‘ഇര’ എന്ന പരിവേഷം ചാർത്തി ചില ശുദ്ധാത്മാക്കളെ തങ്ങൾക്ക് ചുറ്റും അണിനിരത്തും, ചില ‘ബുദ്ധിജീവി’കളെ വിലയ‌്ക്കെടുക്കും. അവർ നടത്തുന്ന പത്രസ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി, ഉയർന്ന പ്രതിഫലം നൽകും. ഈ തീവ്രവാദസംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും വിധ്വംസകപ്രവർത്തനങ്ങളെക്കുറിച്ചും പൊലീസ് നടപടി ഉണ്ടായാൽ, ‘മനുഷ്യാവകാശ’ പ്രവർത്തകരായ ചിലരെ കവചമാക്കും.
ഇന്ത്യയിൽ ഹിന്ദുരാഷ്ട്രവാദമുയർത്തി, മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ, വിപുലമായ ഐക്യം കെട്ടിപ്പടുക്കാൻ ഇടതുപക്ഷ‐ മതനിരപേക്ഷശക്തികൾ ശ്രമിച്ചുവരികയാണ്.

സംഘപരിവാർ അതിക്രമങ്ങൾക്കിരയാകുന്ന മുസ്ലിം‐ ക്രിസ്ത്യൻ ജനതയ‌്ക്കും ദളിത് ജനതയ‌്ക്കും ആത്മവിശ്വാസം നൽകി, യോജിപ്പിച്ച‌് അണിനിരത്താനാണ് ശ്രമിക്കുന്നത്. നവ‐ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും യോജിച്ച സമരപാതയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ, മതപരമായ സ്പർധയും ഭിന്നതയും സൃഷ്ടിക്കുന്ന പോപ്പുലർ ഫ്രണ്ടുൾപ്പെടെയുള്ള തീവ്രവാദശക്തികളുടെ ലക്ഷ്യം ബിജെപി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും സംഘപരിവാറിന്റെ വർഗീയഭീഷണിക്കുമെതിരായ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുക എന്നതാണ്. സാമ്രാജ്യത്വശക്തികളുടെ അഞ്ചാംപത്തിയായിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ഇവർ മുസ്ലിങ്ങളുടെ ശത്രുക്കളാണ്. മുസ്ലിം ആരാധനാലയങ്ങളിൽ നുഴഞ്ഞുകയറി സ്വാധീനത്തിലാക്കാനും അക്രമങ്ങളിലൂടെ കീഴ്പ്പെടുത്താനുമുള്ള തീവ്രവാദികളുടെ പരിശ്രമങ്ങളെ യഥാർഥ ഇസ്ലാംമത വിശ്വാസികൾ അംഗീകരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here