വീട് ജപ്തിക്കെതിരെ കൊച്ചിയിൽ പ്രതിഷേധം; നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി ഉദ്യോഗസ്ഥർ

വീട് ജപ്തിക്കെതിരെ കൊച്ചിയിൽ പ്രതിഷേധം. ഇടപ്പള്ളിയിലെ കുടംബത്തിന്റെ വീട് ജപ്തി നടപടികൾക്കെതിരെയാണ് സി പി ഐ എം പ്രവർത്തകർ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇന്ന് രാവിലെ ജപ്തി നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജപ്തി നടത്താൻ ഡെബ്റ്റ് റിക്കവറി വിഭാഗത്തിന് കഴിഞ്ഞില്ല. നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി പിന്നീട് ഉദ്യോഗസ്ഥർ അറിയിച്ചു.

ബാങ്ക്​ ജപ്തി ചെയ്ത ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന്​ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഇടപ്പള്ളി മാനാത്ത്പാടത്തെ പ്രീതാ ഷാജിയുടെ കിടപ്പാടം ഏറ്റെടുക്കാന്‍ ഹൈക്കോടതി നേരത്തെ ​ഉത്തരവിട്ടത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾക്കായി പോലീസിന്റെ സംരക്ഷണയിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും സമരസമിതി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു.ഇതിനിടെ പ്രതിഷേധക്കാരിൽ ചിലർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിക്കുകയും ചെയ്തു.

തീ കൊളുത്താൻ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയിരുന്ന ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് ദുരന്തം ഒഴിവായി.അതേ സമയം ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന് പിന്തുണയുമായി സി പി ഐ എം പ്രവർത്തകരും സ്ഥലത്തെത്തി.

കുടുംബത്തെ കുടിയിറക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് പാർട്ടിയുടെ നിലപാടെന്ന് സി പി ഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ അറിയിച്ചു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജപ്തി നടപടികളിലേയ്ക്ക് കടക്കാതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

HDFC ബാങ്കിൽ നിന്ന്​ രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ സുഹൃത്തിനായി 24 വര്‍ഷം മുന്‍പ് പ്രീതാ ഷാജിയുടെ കുടുംബം ജാമ്യം നിന്നിരുന്നു. വായ്പാ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് കുടിശികയടക്കം 2.7 കോടി രൂപയായതായി ചൂണ്ടിക്കാട്ടിയാണ് ​ ജപ്തി നടപടികളിലേക്ക് കടന്നത്.

18.5 സെൻറ്​ വരുന്ന കിടപ്പാടം 38 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ബാങ്ക് ലേലത്തില്‍ വിറ്റു. കിടപ്പാടം പിടിച്ചെടുക്കാന്‍ അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തിയെങ്കിലും ജനകീയ പ്രതിഷേധം തടസമായി.

തുടര്‍ന്ന്​ ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ച്​ പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​ സമ്പാദിച്ചെങ്കിലും ഏറ്റെടുക്കല്‍ വീണ്ടും തടസപ്പെട്ടു. ഇതിന്​ പിന്നാലെയാണ്​ കോടതിയലക്ഷ്യ ഹർജി നൽകിയത്. ​

രണ്ടാഴ്ചക്കകം പൊലിസ് സംരക്ഷണയില്‍ ഡെബ്റ്റ് റിക്കവറി ട്രബ്യൂണല്‍ വിധി നടപ്പാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News