ദിലീപ് ‘അമ്മ’യ്ക്ക് പുറത്തുതന്നെ; കുറ്റവിമുക്തനായാല്‍ മാത്രം അംഗത്വം; ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടില്ലെന്നും മോഹന്‍ലാല്‍; വനിതാ അംഗങ്ങളും മൗനം പാലിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മോഹന്‍ലാല്‍.

വിഷയത്തില്‍ വനിതാ അംഗങ്ങള്‍ അടക്കം യോഗത്തില്‍ മൗനം പാലിച്ചു. ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന ശേഷം അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് അമ്മ നില്‍ക്കുന്നതെന്നും ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായെന്നും സംഘടന രണ്ടായി പിളരുന്ന ഘട്ടം വരെയെത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സാങ്കേതികപരമായും നിയമപരമായും ദിലീപ് ഇപ്പോഴും സംഘടനയില്‍ നിന്ന് പുറത്തുതന്നെയാണെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് ധൃതി പിടിച്ചാണ്. ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യാതെ പുറത്താക്കാന്‍ പാടില്ലായിരുന്നു. ദിലീപ് വിഷയത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും തനിക്ക് അറിയില്ല.

അമ്മ മഴവില്‍ ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റ് തയ്യാറാക്കിയത് സ്ത്രീകള്‍ തന്നെയാണ്. സ്‌കിറ്റ് ആരേയും അപമാനിക്കാനല്ലെന്നും അത് വെറും ബ്ലാക്ക് ഹ്യൂമറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെ ഭാരവാഹികളാകാന്‍ സ്ത്രീകള്‍ മുന്നോട്ട് വരാറില്ല. ഡബ്ല്യുസിസി അംഗങ്ങള്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. പാര്‍വതിക്കും ഭാരവാഹിയാകാം അതില്‍ എതിര്‍പ്പില്ലെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു.
അമ്മ ജനറല്‍ ബോഡി യോഗത്തിലേക്ക് മാധ്യമങ്ങളെ വിലക്കിയത് തെറ്റായിപ്പോയെന്നും മോഹന്‍ലാല്‍ പറഞ്ഞു. യോഗത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here