അംഗങ്ങളെ ചേര്‍ക്കുന്നതില്‍ ക്രമക്കേട്; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പത്തനംതിട്ട സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി

കോണ്‍ഗ്രസ് ഭരിക്കുന്ന പത്തനംതിട്ട സര്‍വ്വീസ് കോ ഓപ്പറോറ്റീവ് ബാങ്കില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ വ്യാപക ക്രമക്കേടെന്ന് പരാതി.

എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥരുടെ പ്രാധമിക പരിശോധനയില്‍ അമ്പതോളം അപേക്ഷകളില്‍ ക്രമക്കേട് കണ്ടെന്നാണ് വിവരം.

ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.ഷംസുദ്ദീന്‍ പ്രസിഡന്റായിട്ടുള്ള ബാങ്കിലാണ് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ വ്യാപകമായ ക്രമക്കേടാണെന്ന് പറഞ്ഞ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ലോണിന് അപേക്ഷയുമായെത്തിയ 2 പേരാണ് ബാങ്കിലെ ജീവനക്കാരി കാര്‍ഡുകള്‍ കൂട്ടത്തോടെ എഴുതുന്നത് ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.

പിന്നീട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന് നടത്തിയ പ്രാധമിക പരിശോധനയില്‍ അമ്പതോളം അപേക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നുമാണ് വിവരം.

ബാങ്ക് ബോര്‍ഡംഗത്തിന്റെ ശുപാര്‍ശ രേഖയോടൊപ്പം വ്യക്തി നേരിട്ടെത്തി അംഗത്വത്തിന് അപേക്ഷ നല്‍കണമെന്നാണ് നിയമം.

എന്നാല്‍ മിക്ക അപേക്ഷകളിലും ശുപാര്‍ശ രേഖയുണ്ടായില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കമ്മിറ്റിയില്‍ പാസ്സാക്കി നല്‍കേണ്ട അപേക്ഷകളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കമ്മിറ്റി കൂടുന്നതിന് മുമ്പ്തന്നെ തയ്യാറാക്കി വെച്ചിരിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി പരിശോധിച്ചതില്‍ ബോര്‍ഡംഗങ്ങള്‍ നേരിട്ട് കൂട്ടത്തോടെ അപേക്ഷ നല്‍കുന്നതിന്റെ ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here