ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുമെന്ന് സുപ്രീംകോടതി; 377ന്റെ സാധുതയില്‍ തീരുമാനം പറയാതെ ഒഴിഞ്ഞുമാറി കേന്ദ്രം

ദില്ലി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ തീരുമാനം സുപ്രീംകോടതിയ്ക്ക് വിട്ടു കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

അതേസമയം, ഉഭയസമ്മതത്തോടെ പ്രായപൂര്‍ത്തിയായ സ്വവര്‍ഗ പങ്കാളികള്‍ നടത്തുന്ന സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാകുമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. സ്വവര്‍ഗ രതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിലപാട് അറിയിക്കാന്‍ സാവകാശം വേണമെന്നും, മൃഗങ്ങളുമായി നടത്തുന്ന ലൈംഗിക വേഴ്ച കുറ്റകരമാണെന്ന് സ്പഷ്ടമായി വ്യക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ലൈംഗിക വൈകൃതങ്ങള്‍ അല്ല കോടതിയുടെ പരിഗണനാ വിഷയമെന്നും സ്വവര്‍ഗ പങ്കാളികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഇടപെടലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്‍കി.

സ്വവര്‍ഗരതി വിഷയത്തിലുള്ള കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ഹാജരാവാതിരുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിനായി ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel