താജ്മഹലിനോട് കേന്ദ്രസര്‍ക്കാരിന് അവഗണന; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചു നീക്കുകയോ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.

ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

താജ്മഹലിനെ സംരക്ഷിക്കാന്‍ ഒരുതരത്തിലുള്ള നീക്കവും നടക്കുന്നില്ല. അതു സംരക്ഷിക്കപ്പെടേണ്ടതാണ്. ഒന്നുകില്‍ അത്അടച്ചിടാന്‍ ഞങ്ങള്‍ ഉത്തരവിടും, അല്ലെങ്കില്‍ നിങ്ങള്‍ അതു തകര്‍ക്കുകയോ പുനനിര്‍മിക്കുകയോ ചെയ്യുക ഇങ്ങനെയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

ജസ്റ്റിസുമാരായ എം.ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

താജ്മഹലിനെ ഈഫല്‍ ടവറിനോടുപമിച്ചായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ യൂറോപ്പിലെ ഈഫല്‍ ടവര്‍ കാണാന്‍ 8 കോടി പേരാണ് വര്‍ഷത്തില്‍ വരുന്നത്.ഈഫല്‍ ടവറിനേക്കാള്‍ മികച്ചതായ താജ്മഹലിനെ ശരിയായ രീതിയില്‍ പരിചരിച്ചാല്‍ സര്‍ക്കാരിന് വിദേശ നാണ്യം കൂടുതല്‍ സമാഹരിക്കാന്‍ സാധിക്കും.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ അവഗണന കാരണം രാജ്യത്തിന് എത്രമാത്രം നഷ്ടമാണുണ്ടാവുന്നതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. സുപ്രീംകോടതി മൊറട്ടോറിയമുണ്ടായിട്ടും താജ് മഹലിനു ചുറ്റുമുള്ള സംരക്ഷിത മേഖലയില്‍ പുതിയ വ്യവസായ ശാലകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുന്നത് തുടരുകയാണ്.

താജ് മഹലിനെ അന്തരീക്ഷ മലിനീകരണത്തില്‍നിന്നു സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 31 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. താജിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here