പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ ഇനി കറന്‍റടിച്ച് ബോധംകെട്ട് വീ‍ഴും; പുതിയ കെണിയോരുക്കി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ – Kairalinewsonline.com
Featured

പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ ഇനി കറന്‍റടിച്ച് ബോധംകെട്ട് വീ‍ഴും; പുതിയ കെണിയോരുക്കി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

വളയിലും വാച്ചിലും ധരിക്കാവുന്ന ചിപ്പാണ് അടുത്ത രക്ഷായന്ത്രം

പെണ്‍കുട്ടികളെ ആക്രമിച്ചാല്‍ ഇനി കറന്‍റടിച്ച് ബോധംകെട്ട് വീ‍ഴും. കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികളാണ് ഷൂസിലൂടെ വൈദ്യുതി പ്രവഹിക്കുന്ന പുതിയ രക്ഷായന്ത്രം കണ്ടുപിടിച്ചിരിക്കുന്നത്.

അപകട വിവരമറിയിക്കാനായി വളയിലും വാച്ചിലും ഉപയോഗിക്കാവുന്ന ചിപ്പും തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍.

ഇനിമുതല്‍ ഏത് പെണ്‍കുട്ടിക്കും ഒറ്റയ്ക്ക് എവിടെയും യാത്ര ചെയ്യാമെന്ന് ഉറപ്പു നല്‍കുകയാണ് കാലടി ആദിശങ്കര എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ. ആക്രമിക്കാൻ വരുന്നവരെ ചവിട്ടി ഒതുക്കാൻ കഴിയുന്ന ഷൂസാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഷൂസിലെ ബട്ടൻ അമർത്തിയ ശേഷം ചവിട്ടിയാൽ ഷൂസിൽ നിന്ന് ശക്തമായ വൈദ്യുത പ്രവാഹമുണ്ടാകുകയും അക്രമി ബോധരഹിതനാവുകയും ചെയ്യുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കോളേജിലെ അപ്ലൈഡ് ഇലക് ട്രാണിക്സ് ആൻറ് ഇൻസ്ട്രുമെന്റെഷൻ അവസാനവർഷ വിദ്യാർത്ഥികളായ ആര്യ പ്രകാശ്, ബെൻസൻ ജോസ്, വി. അർജുൻ, എം അക്ഷയ് എന്നിവരാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.

വളയിലും വാച്ചിലും ധരിക്കാവുന്ന ചിപ്പാണ് അടുത്ത രക്ഷായന്ത്രം. ആപത്ത് നേരിട്ടാൽ ജിപിഎസ് പ്രോഗ്രാം ചെയ്ത ചിപ്പിൽ നിന്ന് മൂന്ന് മൊബൈൽ നമ്പറുകളിലേക്ക് അപകട സന്ദേശം നൽകും.

തൊട്ടടുത്ത നിമിഷം പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറുന്നതോടൊപ്പം സ്ഥലവിവരവും നൽകാനാകും. സ്ത്രീസംരക്ഷണം ലക്ഷ്യമിട്ടാണ് ഉപകരണം വികസിപ്പിച്ചതെന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍ ശ്രീലക്ഷ്മി.

രണ്ട് ഉപകരണങ്ങളും ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ഉപകരണങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാനുളള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

To Top