അക്കിലസ് പൂച്ചയെ വെല്ലാന്‍ ഇതാ സൗദിയില്‍ നിന്നൊരു മലായാളി ഫുട്‌ബോള്‍ പ്രേമി. നിരവധി ട്വിസ്റ്റ് നിറഞ്ഞ ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാര്‍ പുറത്തായതോടെ ആരു ജയിക്കും എന്നത് പ്രവചനാതീതമായിരുന്നു.

എന്നാല്‍ സെമി ഫൈനലിലും ഫൈനലിലും ലൈനപ്പ് ചെയ്യുന്ന ടീമിനെ നേരത്തെ പ്രവചിച്ച് അത്ഭുതപെപടുത്തിയിരിക്കുകയാണ് സൗദിയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്‍ എന്ന യുവാവ്.

ജൂണ്‍ 26 ന് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ‘ ഇതുവരെയുള്ള വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന ഒരു സെമിഫൈനല്‍ ലൈനപ്പാണ് എന്റെ പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ‘ഫ്രാന്‍സ് x ബെല്‍ജിയം’, ‘ക്രോയേഷ്യ x ഇംഗ്ലണ്ട്’ ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും.

മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത പൂര്‍വ്വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫൈനലില്‍ ക്രോയെഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും.’ എന്ന് കുറിച്ചിരുന്നു ഈ ചെറുപ്പക്കാരന്‍.

സെമി ഫൈനല്‍ കഴിഞ്ഞ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ ഫൈനല്‍ മത്സരം ഉറ്റു നോക്കുമ്പോള്‍ ഷിഹാബിന്റെ ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം അക്ഷരാത്ഥത്തില്‍ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഫൈനലില്‍ ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാന്‍സ് ചാമ്പ്യന്മാരായാല്‍ ആ ചെറുപ്പാക്കാരന്റെ പ്രവചനങ്ങളെല്ലാം ശരിയാകും.

ഫുട്‌ബോള്‍ പ്രവചനത്തിലെ അതികായായ അക്കിലസ് പൂച്ചയ്ക്ക് പിഴച്ചപ്പോള്‍ ഇവിടെ ഈ യുവാവ് ഫുട്‌ബോള്‍ പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.