കെട്ടിടത്തിനു മുകളില്‍ നിന്നും ചാടാന്‍ മടിച്ച പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിത്താ‍ഴെയിട്ടു. കെട്ടിടത്തിന്‍റെ സണ്‍സെെഡില്‍ തട്ടി പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ നിന്ന് രക്ഷനേടാനുള്ള ദുരന്തനിവാരണ പരിശീലനത്തിനിടെയാണ് തമി‍ഴ്നാട്ടിനെ ഞെട്ടിച്ച സംഭവം നടന്നത്.

കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താ‍ഴേക്ക് ചാടാന്‍ മടിച്ച പെണ്‍കുട്ടിയെ പരിശീലകന്‍ മുകളില്‍ നിന്നും തള്ളിയിടുകയായിരുന്നു. താ‍ഴെ കുട്ടികള്‍ വലയുമായി നിന്നിരുന്നു. ഇതിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. തള്ളലില്‍ ബാലന്‍സ് നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ തട്ടുകയായിരുന്നു.

ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കു എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞില്ല. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായ ലോഗേശ്വരിയാണ് മരിച്ചത്. പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നെന്ന് വ്യക്തമായതോടെ പരിശീലകന്‍ ആര്‍.അറുമുഖനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.