കോഴിക്കോട് കൈതപ്പൊയിലില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. മലബാര്‍ ഫൈനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയെയാണ് സ്ഥാപനത്തിലെത്തിയ അജ്ഞാതന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊളളലേറ്റ സജി കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. പുതുപ്പാടി കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിന് സമീപം രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സജി കുരുവിളയെ പുറത്ത് നിന്ന് എത്തിയ അജ്ഞാതന്‍ പെട്ട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മുളക് പൊടി എറിഞ്ഞ ശേഷമാണ് പെട്ട്രോളൊഴിച്ച് തീ വെച്ചത്. ചുവപ്പ് ഷര്‍ട്ടിട്ട മെലിഞ്ഞ ശരീര പ്രകൃതമുളള ഒരാള്‍ സജിയുടെ സ്ഥാപനത്തിലേക്ക് വന്നതായി നാട്ടുകാര്‍ പറയുന്നു. ശരീരത്തില്‍ തീ പടര്‍ന്ന സജി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. മഴവെളളത്തിലേക്ക് വീണ ഇയാളുടെ ശരീരത്തിലെ തീ ഓടികൂടിയ നാട്ടുകാരണ് അണച്ചത്.

ബഹളത്തിനിടെ അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു. ഇയാള്‍ ഉപേക്ഷിച്ച ഒരു കുപ്പി പെട്ട്രോളും ഹെല്‍മെറ്റും ബൈക്കിന്റ താക്കോലും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പൊളളലേറ്റ സജിയുടെ മൊഴിയെടുക്കാനായി താമരശ്ശേരി പോലീസ് സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി. അക്രമത്തിന് പിന്നില്‍ എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല, പോലീസ് അന്വേഷണം ആരംഭിച്ചു.