തോറ്റവരുടെ പോരാട്ടമാണെങ്കിലും, തോല്‍വിയുടെ മുറിവുകള്‍ ചെറുതായെങ്കിലും മറക്കാനാണ് ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയവും, ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ വരുന്നത്.

മത്സര ഫലം ടൂര്‍ണമെന്റിനെ ഒരു വിധത്തിലും ബാധിക്കില്ലെങ്കിലും ആവേശത്തിനും, പോരാട്ട വീറിനും തെല്ലും കുറവുണ്ടാകില്ല. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റാണ് ബെല്‍ജിയത്തിന്റെ വരവെങ്കില്‍ ക്രൊയേഷ്യക്ക് മുന്നില്‍ തകര്‍ന്നാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തിന് പോരടിക്കാന്‍ ഇറങ്ങുന്നത്.

സെമിയിലെ തോല്‍വിയില്‍ നിന്ന് താല്‍ക്കാലികമായൊരു മോചനം അതാണ് ബെല്‍ജിയവും, ഇംഗ്ലണ്ടും ലക്ഷ്യമിടുന്നത്. ആദ്യ റൗണ്ടില്‍ ഒറ്റ ഗ്രൂപ്പില്‍ ഒരുമിച്ച് യാത്ര തുടങ്ങിയവരാണ് ബെല്‍ജിയവും, ഇംഗ്ലണ്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിന് ബെല്‍ജിയം ജയിച്ചുകയറിയിരുന്നു.

പ്രീ ക്വാര്‍ട്ടറിലും, ക്വാര്‍ട്ടറിലും ജയിച്ചുകയരിയ രണ്ട് ടീമുകളും സെമിയില്‍ മികച്ച എതിരാളികള്‍ക്ക് മുന്നില്‍ തറ പറ്റുകയായിരുന്നു. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്ന വിളിപ്പേരുമായെത്തി ബ്രസീലിനെ അടക്കം തൊല്‍പ്പിച്ച് മുന്നേറിയ ബെല്‍ജിയത്തിന് സെമിയില്‍ ഫ്രാന്‍സിന്റെ പ്രതിരോധ കോട്ട പൊട്ടിക്കാന്‍ കഴിയാതെ പോയതാണ് തിരിച്ചടിയായത്.

അവരുടെ വന്‍ തോക്കുകളായ ഈഡന്‍ ഹസാര്‍ഡും, ലുക്കാക്കുവും, ഡിബ്രൂയിനും നിഴല്‍ മാത്രമായി പോയതും ബെല്‍ജിയത്തിന് തിരിച്ചടിയായി. പോരായ്മകള്‍ പരിഹരിച്ചാണ് ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജിയം ഇറങ്ങുക. സസ്‌പെന്‍ഷന്‍ മൂലം സെമിയില്‍ പുറത്തിരുന്ന തോമസ് മ്യൂനിയര്‍ തിരികെ എത്തുന്നതും അവര്‍ക്ക് കരുത്താണ്.

മറുവശത്ത് ക്രൊയേഷ്യയുടെ പരിചയ സമ്പത്തിന് മുന്നില്‍ തകര്‍ന്ന് പോയ ഇംഗ്ലണ്ടിന് അഭിമാനം രക്ഷിക്കാന്‍ മൂന്നാം സ്ഥാനമെങ്കിലും കൂടിയേ തീരു.

ഭാവിയുടെ ടീമെന്ന് വിലയിരുത്തപ്പെട്ട ഇംഗ്ലണ്ടിന് യുവത്വം തന്നെയാണ് കരുത്ത് സെമിയില്‍ കാലിന് പരുക്കേറ്റ കീരന്‍ ട്രിപ്പ്യാര്‍ഡിനെ പുറത്തിരുത്തിയാകും ഇംഗ്ലണ്ട് മാനേജര്‍ സൗത്ത് ഗോര്ര് ടീമിനെ ഇറക്കുക ഇതുവരെ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന ലോഫ്റ്റസ് ചീക്ക്, ഫാബിയന്‍ ഡെഫ്, ഗാരി കാഹില്‍ തുടങ്ങിയവര്‍ക്കും ഇന്ന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്.

സെമിയില്‍ മങ്ങിപ്പോയ നായകന്‍ ഹാരികെയ്‌നും ഇന്ന് നിര്‍മായകം തന്നെ. കെയ്‌ന് ടീമിനെ പ്രചോദിപ്പിക്കാന്‍ ഖ!ഴിഞ്ഞില്ല എന്ന് നാട്ടില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗോല്‍ഡന്‍ ബൂട്ട് ഉറപ്പിക്കാന്‍ കെയ്‌ന് കിട്ടുന്ന അവസാന അവസരം കൂടിയാണ് ലൂസേവ്‌സ് ഫൈനല്‍.