ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് കൈതപ്പൊയിലില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുമേഷ്‌കുമാറിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. പുതുപ്പാടി കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിന് സമീപം രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ ഷാജു കുരുവിളയെ പുറത്ത് നിന്ന് എത്തിയ അജ്ഞാതന്‍ പെട്ട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മുളക് പൊടി എറിഞ്ഞ ശേഷമായിരുന്നു പെട്ട്രോളൊഴിച്ച് തീ വെച്ചത്. ശരീരത്തില്‍ തീ പടര്‍ന്ന ഷാജു കുരുവിള കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഓടയിലേക്ക് വീണ ഇയാളുടെ ശരീരത്തിലെ തീ, ഓടികൂടിയ നാട്ടുകാരാണ് അണച്ചത്. ബഹളത്തിനിടെ അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു.

രണ്ട് ദിവസം മുമ്പ് മതിയായ ഈടില്ലാതെ 2 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു യുവാവ് സ്ഥാപനത്തില്‍ എത്തിയിരുന്നു. തൃശൂര്‍ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ കുരുവിള മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഇയാള്‍ തന്നെയാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കുരുവിള താമരശ്ശേരി പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിട്ടുണ്ട്. പ്രതീക്ഷിച്ച പണം ലഭിക്കാത്തതാവാം കൊലയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ മാത്യു പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുമേഷ്‌കുമാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ കൈതപ്പൊയിലില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സുമേഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ആലപ്പുഴയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.

അക്രമി ഉപേക്ഷിച്ച ഒരു കുപ്പി പെട്ട്രോളും ഹെല്‍മെറ്റും ബൈക്കിന്റെ താക്കോലും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 70 ശതമാനത്തിലധികം പൊളളലേറ്റതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News