ഫുട്‌ബോള്‍ കാഴ്ച ക്ലൈമാക്‌സിലേക്ക്; വിപ്ലവമണ്ണിലെ അന്തിമ പോരാട്ടത്തില്‍ ആര്? ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു; ഫൈനല്‍ ഇന്ന് രാത്രി 8.30ന്

കണ്ണീര്‍, വിലാപം, സന്തോഷം, അട്ടിമറികള്‍, എല്ലാം പാകത്തിനും അതിലധികവും ലോകത്തിനു സമ്മാനിച്ച റഷ്യന്‍ലോകകപ്പ് ഫുട്‌ബോള്‍ കാഴ്ച ക്ലൈമാക്‌സിലേക്ക്.

21ാം ഫിഫ ലോകകപ്പ് ഫൈനലില്‍ 1998ലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കിരീടം സ്വപ്നംകണ്ട് അവസാന ഒരുക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ക്രൊയേഷ്യയും കൊമ്പുകോര്‍ക്കും.

ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്‌കോയിലെ ലൂഷ്‌നികി സ്റ്റേഡിയത്തില്‍ ഫൈനലിനു വിസില്‍ മുഴങ്ങുമ്പോള്‍ ആരാകും റഷ്യന്‍ വിപ്ലവമണ്ണിലെ അന്തിമ പോരാട്ടത്തില്‍ ജയിച്ചുകയറുക എന്നറിയാന്‍ ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കും.

1998 ലോകകപ്പിലെ രണ്ട് സുവര്‍ണ ടീമുകളാണ് 20 വര്‍ഷത്തിനുശേഷം കിരീടത്തിനായി പോരാടുന്നതെന്നതാണ് ഇത്തവണത്തെ ഫൈനലിന്റെ പ്രത്യേകത.

1998ലാണ് ഫ്രാന്‍സ് ആദ്യമായി ഫൈനലില്‍ എത്തിയതും കിരീടം സ്വന്തമാക്കിയതും.

അതേ ലോകകപ്പിലാണ് ക്രൊയേഷ്യ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്ന സെമി പ്രവേശനം നടത്തിയത്.

ബുധനാഴ്ച രാത്രിയിലേതുപോലെ ഒരു ആരവത്തിന് ലുഷ്‌നികി സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല, ഇത്രയധികം കണ്ണീരിനും.

ക്രൊയേഷ്യന്‍ വീരഗാഥയെന്നോ ഇംഗ്ലീഷ് ട്രാജഡിയേന്നോ വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിനായിരുന്നു ലുഷ്‌നികി സാക്ഷ്യം വഹിച്ചത്. കളിയുടെ അഞ്ചാം മിനിറ്റ് മുതല്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന് പിന്നീട് സമനിലയിലെത്തി അധികസമയത്ത് വിജയം കുറിച്ച ക്രൊയേഷ്യന്‍ വിപ്ലവമായിരുന്നു രണ്ടാം സെമിഫൈനല്‍.

1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചാണ് ഫിഫ റാങ്കിംഗിലെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ഫൈനലില്‍ എത്തിയത്. റാങ്കിംഗില്‍ 12ാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ ചങ്കു പിളര്‍ത്തിയ വിജയം, അധിക സമയത്തെ കളി കൊണ്ടാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്.

കന്നിലോകകപ്പ് ഫൈനല്‍ പ്രതീക്ഷിച്ചെത്തിയ ബെല്‍ജിയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1-0നു കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്.

അതോടെ ലോകകപ്പ് ഫുട്‌ബോളില്‍ ബെല്‍ജിയത്തിന്റെ സ്വപ്നതുല്യമായ കുതിപ്പ് സെമി ഫൈനലില്‍ തകര്‍ന്നു. ഇതു രണ്ടാം തവണയാണ് ബെല്‍ജിയം സെമിയില്‍ വീഴുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News