മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചിന് തുല്യമായ പ്രക്ഷോഭം പാര്‍ലമെന്റിലേക്ക് നടത്താന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം.

രാജ്യത്തെ വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

നവംബര്‍ 30ന് നടക്കുന്ന കര്‍ഷക മാര്‍ച്ച് ദില്ലിയിലെ പത്തു കേന്ദ്രങ്ങളില്‍ നിന്ന് രണ്ട് ദിവസം കാല്‍ നടയായി സഞ്ചരിച്ചാണ് പാര്‍ലമെന്റിലെത്തുക.

178 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയ അഖിലേന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ദേശീയ കൗണ്‍സില്‍ യോഗമാണ് കര്‍ഷക മാര്‍ച്ച് നടത്താന്‍ തീരുമാനമെടുത്തത്.

കാര്‍ഷിക വായ്പ എഴുതി തള്ളുക, ധാന്യവിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുക, എല്ലാ പ്രധാന വിളകള്‍ക്കും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്.

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മാര്‍ച്ചിന് ശേഷം രാജ്യം കാണാന്‍ പോകുന്ന വലിയ പ്രക്ഷോഭമായിരിക്കും നവംബര്‍ 30ന് രാജ്യതലസ്ഥാനത്ത് അരങ്ങേറുക.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയിലെത്തി പത്ത് കേന്ദ്രങ്ങളില്‍ നിന്ന് രണ്ട് ദിവസം കാല്‍ നടയായി സഞ്ചരിച്ചാണ് പാര്‍ലമെന്റിന് മുന്നിലെത്തുക.

കര്‍ഷകരോട് ഐക്യദാര്‍ഢ്യപ്പെടുന്ന എല്ലാ തൊഴില്‍ മേഖലയില്‍ ഉള്ളവരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കൗണ്‍സിലില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. സായ് നാഥ് ആവശ്യപ്പെട്ടു.

കര്‍ഷക ആത്മഹത്യാ കേസുകളില്‍ പൊലീസിനു പകരം റവന്യു വകുപ്പാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

നഷ്ടപരിഹാരം ഉടനെ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്നും സായ് നാഥ് കൂട്ടിചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ദേശീയ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നു വന്നത്.