സമയ പരിധിക്ക് മുന്‍പ് മു‍ഴുവന്‍ സംരക്ഷിത അധ്യാപകരെയും പുന്‍വിന്യസിപ്പിച്ച് പൊതുവിദ്യാഭ്യസ വകുപ്പ് വീണ്ടും ചതിത്രം സൃഷ്ടിച്ചു.

ജൂലൈ 15ആണ് തസ്തിക നിർണയ പുനർ വിന്യാസങ്ങള്‍ നടത്തേണ്ട അവസാനതിയതി എന്നിരിക്കെയാണ് വകുപ്പ് ഇത് പൂർത്തിയാക്കിയത്.

വകുപ്പിന്‍റെ അക്ഷീണമായ പ്രവര്‍ത്തനത്തിൽ വിദ്യാഭ്യാസമന്ത്രി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2018-19 തസ്തിക നിർണയവും തസ്തിക നഷ്ടമായ സംരക്ഷിതാധ്യാപകരുടെ പുനർവിന്യാസവുമാണ് ജൂലൈ 15ന് രണ്ടു ദിവസം മുൻപ് പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷവും ഈ പ്രവർത്തനങ്ങൾ നിർദിഷ്ട തീയതിക്കു മുൻപ് പൂർത്തിയാക്കിയിരുന്നു. 4059 സംരക്ഷിതാധ്യാപകരായിരുന്നു കഴിഞ്ഞ വർഷത്തെ അധ്യാപക ബാങ്കിൽ ഉണ്ടായിരുന്നത്.

ഇത് കൂടാതെ 350 ൽ പരം തസ്തിക നഷ്ടമായ സ്പെഷ്യലിസ്റ്റ് അധ്യാപകരുമുണ്ടായിരുന്നു. എന്നാൽ ഈ വർഷം സംരക്ഷിതാധ്യാപകരുടെ എണ്ണം 3753 ആയി കുറഞ്ഞു.

9, 10 ക്ലാസ്സുകളിൽ 1:40 അനുപാതത്തിൽ തസ്തിക അനുവദിച്ച് അധ്യാപകരെ നിലനിർത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

തസ്തിക നിർണയം പരിഷ്കരിക്കുന്നതോടെ സംരക്ഷിതാധ്യാപകരുടെ എണ്ണം 3500 ആയി കുറയുമെന്നാണ് കരുതുന്നത്.

2011 – 12 മുതൽ 2015-16 വരെയുള്ള 5 വർഷങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നില്ല.

5 വർഷത്തെ തസ്തിക നിർണയം പിന്നീട് ഒന്നിച്ച് 2016 മെയ് മാസത്തിലാണ് നടത്തിയത്. തുടർന്നുള്ള വർഷങ്ങളിലെ തസ്തിക നിർണയവും പുനർവിന്യാസവും കൃത്യമായി നടത്തി.

കഴിഞ്ഞ വർഷം എണ്ണൂറോളം സംരക്ഷിതാധ്യാപകരാണ് പുതുതായി അധ്യാപക ബാങ്കിലേക്കു വന്നത്‌. ഇത്തവണ അധ്യാപക ബാങ്കിലെ പുതുമുഖങ്ങളുടെ എണ്ണം 436 മാത്രമാണെന്ന വസ്തുത വിരൽ ചൂണ്ടുന്നത് എയ്ഡഡ് സ്കൂളുകളും ഉണർവിന്റെ പാതയിലാണെന്ന സത്യത്തിലേക്കാണ്.

മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നതിനു ശേഷമുള്ള ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തുന്നത്.

നീപ പനിബാധ, മഴ തുടങ്ങിയ കാരണങ്ങളാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ആറാം പ്രവൃത്തി ദിനം ജൂൺ 20 വരെ നീണ്ടു. എന്നിട്ടും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തസ്തിക നിർണയം നിർദിഷ്ട സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കാൻ പ്രസ്തുത ജില്ലകളിലും കഴിഞ്ഞു.