തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിൽ അഞ്ചംഗ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്തു.

പിടിയിലായവരിൽ യുഎപിഎ കേസ് പ്രതിയും. സ്വര്‍ണക്കടത്തുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

ഈ മാസം ആറാംതിയതിയായിരുന്നു സംഭവം. പുലര്‍ച്ചെ 2.50ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കോ‍ഴിക്കോട് സ്വദേശി നിസാറിനേയും ഒപ്പമെത്തിയ മംഗലാപുരം സ്വദേശിനികളായ രണ്ടും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകാനാണ് ശ്രമമുണ്ടായത്.

വിമാനത്താവളത്തിലുണ്ടായ ബഹളത്തെ തുടർന്ന് പൊലീസ് എത്തിയതോടെ അഞ്ചംഗസംഘം കടന്നുകളഞ്ഞു. തുടർന്ന് നിസാറിൽ നിന്നും സ്ത്രീകളിൽ നിന്നും പൊലീസ് പരാതി എ‍ഴുതിവാങ്ങുകയായിരുന്നു.

പിന്നീട് നടന്ന അന്വേഷണത്തിൽ പെരുമ്പാവൂരിൽ നിന്നാണ് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തത്.

പരാതി നൽകിയെങ്കിലും പിന്നീട് അന്വേഷണവുമായി ഇവർ സഹകരിച്ചില്ല. നിസാറും സ്ത്രീകളും സ്വര്‍ണകടത്തിന്‍റെ ശൃംഖലയിലുള്ളവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്വര്‍ണം നഷ്ടപ്പെട്ടവർ ഗുണ്ടാസംഘത്തെ ഏർപ്പെടുത്തിയാകാമെന്നും പൊലീസിന് സംശയമുണ്ട്.