വിദേശത്ത് നിന്ന് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ച് ഇറക്കുമതി ചെയ്യുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നത് ചില കമ്മീഷന്‍ ഏജന്റുമാരാണെന്ന് ആരോപണം.

വിദേശത്ത് നിന്ന് ശീതീകരിച്ച് കേരളത്തില്‍ എത്തിക്കുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തി ഐസില്‍ സൂക്ഷിച്ച് വില്‍ക്കുന്നുവെന്ന് ഒമാനിലെ മത്സ്യം കയറ്റുമതിക്കാര്‍ പറയുന്നു.

ടണ്‍ കണക്കിന് മത്സ്യമാണ് ഒമാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. നിയമങള്‍ പാലിച്ചും മൈക്രോബയോളജി പരിശോധന വരെ നടത്തി മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമാണെന്ന സെര്‍ട്ടിഫിക്കറ്റോടെയാണ് ഒമാനില്‍ നിന്ന് മത്സ്യം കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യന്‍ തുറമുഖത്തും ഇതേ പരിശോധനകള്‍ക്ക് വിധേയമായി വില്‍പ്പനയ്‌ക്കെത്തിക്കുന്ന മത്സ്യം കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ചില കമ്മീഷന്‍ ഏജന്റുമാരാണെന്ന് ഒമാനിലെ മത്സ്യ കയറ്റുമതികാരനായ അതുല്‍ വെളിപ്പെടുത്തി.

മൈനസ് ഫൈവ് ഡിഗ്രിയില്‍ ഒരിറ്റ് രക്തം പോലും പുറത്തുവരാതെ കരുതലോടെ പാക്ക് ചെയ്യുന്ന മത്സ്യമാണ് ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇവയെയാണ് മായത്തില്‍ മുക്കി ഇരട്ടി ലാഭം കൊയ്ത് മലയാളിയുടെ തീന്‍മേശയില്‍ എത്തിക്കുന്നത്.