കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീ 2017 ജൂലൈ 11ന് കര്‍ദ്ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊച്ചിയിലെത്തി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാന്‍ തയ്യാറെടുക്കുകയാണ്.

അതിനിടെയാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ 2017 ജൂലൈ 11 ന് കര്‍ദ്ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത് വന്നിട്ടുള്ളത്. ഇതോടെ, ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുകയാണ്.

നേരിട്ടും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അപമാനിക്കുന്ന ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

അതിനാല്‍ സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചതായും കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്.

കന്യാസ്ത്രികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണമെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഷപ്പില്‍ നിന്ന് മോശം പെരുമാറ്റമുണഅടായപ്പോള്‍ കുറവിലങ്ങാട് പള്ളി വികാരിക്കും പിന്നീട് പാല ബിഷപ്പിനോടും കന്യാസ്ത്രീ പരാതിപ്പെട്ടിരുന്നു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹമാണ് കര്‍ദിനാളിനെ സമീപിക്കാന്‍ കന്യാസ്ത്രീയോട് നിര്‍ദേശിച്ചത്.

ഇക്കാര്യം അന്വേഷണ സംഘത്തോട് പാലാ ബിഷപ്പ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച്ചയ്ക്കകം കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി ജലന്ധറിലേക്ക് പോകുന്ന അന്വേഷണ സംഘം മൊഴിയെടുക്കലിനും തെളിവുശേഖരണത്തിനും ശേഷം 23ന് തിരിച്ചെത്തും.