മാതൃഭൂമി ആ‍ഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിന്‍റെ നോവല്‍ `മീശ’യ്ക്കെതതിരെ സംഘപരിവാറിന്‍റെ ആക്രമണ ഭീഷണി. സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതു സംബന്ധിച്ച് നോവലിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തിന്റെ പേരിലാണ് ഭീഷണി.

ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടർന്ന് ഹരീഷിന് തന്‍റെ ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടർന്ന് ഹരീഷിൻ്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തിയാണ് ഇപ്പോള്‍ തെറിവിളി.

 

സൈബറാക്രമണത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശം ഇങ്ങനെയാണ്:

“ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകൾ ഭോഗാസക്തകൾ. മാതൃഭൂമി ആഴ്ചപതിപ്പിലെ എസ്.ഹരീഷ് എഴുതിയ നോവലിലെ കണ്ടെത്തലാണിത്.

ഹിന്ദു സമുദായത്തിലെ സ്ത്രീകൾ വൃത്തിയായി വേഷം ധരിച്ച് അമ്പലത്തിൽ വരുന്നത് ഞങ്ങൾ ഭോഗത്തിന് തയ്യാറാണന്ന് അറിയിക്കാനത്രെ. നാലു ദിവസം വരാതിരിക്കുന്നത് ആ സമയത്ത് സംഗതിക്ക് തയ്യാറല്ല എന്നറിയിക്കാനും.

പ്രധാനമായും ഈ ദിവസങ്ങൾ പൂജാരിമാരെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഉദ്ദേശം . മാതൃഭൂമിയിൽ വലിയ പരസ്യം കൊടുത്ത് പ്രസ് ദ്ധീകരിക്കുന്ന മീശ എന്ന നോവലിലാണ് ഈ ചരിത്ര കണ്ടുപിടുത്തം.

കേരളത്തിന്റെ സാംസ്ക്കാരിക പ്രസിദ്ധീകരണമായ മാതൃഭൂമിയും കേരള സാഹിത്യ അക്കാദമി അവാർഡു കരസ്ഥമാക്കിയ എസ്. ഹരീഷും എത്ര വഷളത്തരത്തോടെയാണ് ഒരു ക്ഷേത്ര വിശുദ്ധിയെ വിലയിരുത്തിയിരിക്കുന്നത്.

ഇസ്ലാം സമുദായം അടക്കമുള്ള മറ്റേതെങ്കിലും സമുദായത്തിലെ സ്ത്രീ വിലക്കുകളെ പറ്റി ഈ ആഭാസ രീതിയിൽ വ്യാഖ്യാനം നടത്തിയാൽ വിവരമറിയുമെന്നും ഈ കൂട്ടർക്ക് അറിയാം. ഹൈന്ദവ സംസ്ക്കാരങ്ങളുടെ വേരറുക്കാൻ തുനിഞ്ഞിറങ്ങുന്ന തൂലികയും കടലാസും ബഹിഷ്ക്കരിക്കപ്പെടേണ്ടതാണ്. ഇതിന് ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നല്ല ,ആഭാസ സാഹിത്യം എന്നു തന്നെ പറയേണ്ടിവരും”

കുട്ടനാടിന്‍റെ പശ്ചാത്തലത്തിലുള്ള നോവലിൻ്റെ രണ്ട് അധ്യായങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ ഒരു കഥാപാത്രം പറയുന്ന സംഭാഷണമാണ് ഹരീഷിന്‍റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയ്ക്ക് സംഘപരിവാർ പ്രചരിപ്പിക്കുന്നത്.

ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കാത്തതിനെ പരിഹാസ രൂപേണ അവതരിപ്പിക്കുകയാണ് കഥാപാത്രം. ഹരീഷിന്റെ കഥയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് പുസ്തകം വായിക്കാത്ത സംഘപരിവാറുകാരാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു.

കഥയില്‍ സ്ത്രീ എന്ന് കണ്ടതുകൊണ്ടല്ല, അമ്പലമെന്ന് കണ്ടത് കൊണ്ടാണ് അവര്‍ പ്രകോപിതരായത്. പള്ളിയെ കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെ കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നല്ല എന്നും അവര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഹരീഷിന്‍റെ ഭാര്യയുടെ വരെ ചിത്രങ്ങള്‍ വെച്ച് ആഭാസകരമായി തയ്യാറാക്കിയ പോസറ്ററുകളും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസില്‍ പാരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഹരീഷ്.