സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ജില്ല ഒഴികെയുളള മലയോര പ്രദേശങ്ങളില്‍ മഴ തുടരുന്നു. കണ്ണൂര്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു, വയനാട്, പാലക്കാട് ജില്ലകളില്‍ 2 പേരെ കാണാതായി. കണ്ണൂര്‍ മാലൂരില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കണ്ണൂര്‍ കരിയാടാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. പാര്‍ത്തുംവലിയത്ത് നാണി(68) യാണ് മരിച്ചത്. വീടിനടുത്തുള്ള തോട്ടില്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍ പെടുകയായിരുന്നു. കണ്ണൂര്‍ മാലൂരില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാടന്‍ താറോമ(50), റഫലാദ്(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശ നഷ്ടങ്ങള്‍ ഉണ്ടായി. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ജില്ലയിലെ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. ആയിക്കര, മാട്ടൂല്‍, പുന്നോല്‍, പെട്ടിപ്പാലം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ മഴ തുടരുന്നു. ബേപ്പൂര്‍, വടകര എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഇവിടങ്ങളിലുള്ള ചില കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കി. കക്കയം ഡാം തുറന്ന് വിട്ടിതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

വയനാട്ടിലും മഴ തുടരുന്നു. പേര്യ 38ല്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന് ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം വളവിന് സമീപത്ത് മരം കടപുഴകി വീഴുകയും മണ്ണിടിയുകയും ചെയ്തിട്ടുണ്ട്.

ബാണാസുരസാഗര്‍ ഡാം ഷട്ടറുകള്‍ തുറന്നതിനാല്‍ പനമരം പുഴയോരത്തെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ട് ഭീഷണിയിലാണ്. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 520 കുടുംബങ്ങള്‍ കഴിയുന്നു.

മലപ്പുറം പൊന്നാനി താലൂക്കില്‍ മഴ ശക്തമാണ്. പൊന്നാനി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (പ്രഫഷണല്‍ കോളേജുകള്‍ ഒഴികെ ) ഇന്ന് ജില്ലാ കലക്ടര്‍ അവധി നല്‍കി.

പാലക്കാടും മലയോര മേഖലയില്‍ മഴ ശക്തമാണ്. നെല്ലിയാമ്പതി പാടഗിരി നൂറടിപ്പാലത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. കോളനികളിലുള്ള തോട്ടം തൊഴിലാളികളെ സ്വകാര്യ ലോഡ്ജിലേക്ക് മാറ്റി പാര്‍പ്പിച്ചു.

ജില്ലയില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം തകരാറിലാണ്. ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പുയര്‍ന്നു. നെല്ലിയാമ്പതി സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുന്നു. ആലത്തൂര്‍ വാവുളളിപുരം ആഷിഖിനെയാണ് കാണാതായത്.

മധ്യ കേരളത്തിലും മഴക്കെടുതി രൂക്ഷം. കോട്ടയത്തും ഇടുക്കിയിലും ഉരുൾപ്പൊട്ടി. എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷൻ, കെ.എസ്‌.ആർ.ടി.സി. സ്റ്റാന്റ്‌ ഉൾപ്പടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. സിഗ്നൽ സംവിധാനം തകരാറിലായതോടെ ട്രെയിൻ ഗതാഗതം താറുമാറായി. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

2 ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയെ തുടർന്ന് എറണാകുളം സൗത്ത്‌ റെയിൽ വേ സ്റ്റേഷൻ,  കെ.എസ്‌.ആർ.ടി.സി. സ്റ്റാന്റ്‌, എം.ജി. റോഡ്‌, പനമ്പിള്ളി നഗർ തുടങ്ങി പ്രധാനഭാഗങ്ങളിലെല്ലാം വെള്ളം കയറി. ട്രാക്കിൽ വെള്ളം കയറി സിഗ്നൽ സംവിധാനം തകരാറായതോടെ എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി.9 പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായും 2 പാസഞ്ചർ ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മറ്റ്‌ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണു ഓടുന്നത്‌.

ചന്തിരൂരിൽ ഓടുന്ന ട്രെയിനിനു മുകളിലേക്ക്‌ മരം വീണതും ഗതാഗതം തടസ്സപ്പെടാൻ കാരണമായി. പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ആലുവ മണപ്പുറം ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. കിഴക്കൻ മേഖലയായ കോതമംഗലത്തെ ആദി വാസി ഊരുകൾ ഒറ്റപ്പെട്ടു. ചികിത്സ കിട്ടാൻ വൈകിയതിനെ തുടർന്ന് വെള്ളാരം കുത്ത്‌ കോളനിയിലെ ടോമി മരിച്ചു. കാഞ്ഞിരപ്പള്ളി മണിമലയാറ്റിൽ വീണു ചെറു വള്ളി സ്വദേശി ശിവൻ മുങ്ങിമരിച്ചു.

കോട്ടയം ജില്ലയിലെ പാതാമ്പുഴ, ഞാർക്കാട്‌, തീക്കോയി മുപ്പതേക്കർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളപായങ്ങളില്ലെങ്കിലും വ്യാപക കൃഷി നാശമുണ്ടായി. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ്‌ ഉയർന്നു. 20ഓളം വീടുകൾ പൂർണ്ണമായും 45 വീടുകൾ ഭാഗികമായും തകർന്നു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ തീർത്തും ഒറ്റപ്പെട്ടു. തൊടുപുഴ മേത്തൊട്ടിയിൽ ഉരുൾപൊട്ടി വീടുകൾ ഒലിച്ച്‌ പോയെങ്കിലും ആളപായമില്ല.

ആലപ്പുഴ വിവിധ പാട ശേഖരങ്ങളിൽ മടവീഴ്ച്ചയുണ്ടായതിനെ തുടർന്ന് 500 ഏക്കർ കൃഷി നശിച്ചു. എ.സി. റോഡ്‌ ഭാഗികമായി വെള്ളത്തിലായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പീട്ടു. തൃശ്ശൂർ ഉൾപ്പടെ മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്‌.
സംസ്ഥാനത്ത് മ‍ഴ ശക്തിപ്രപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുെട അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. മറ്റുജില്ലകളിലെ കലക്ടർമാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ചെയ്തു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറി തിരുവനന്തപുരം ജില്ലാ കലക്ടര്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം ഈ മാസം 19 വരെ ശക്തമായ മ‍ഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കാലവർഷക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് ജാഗ്രതയോട് കൂടിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും പകർച്ച വ്യാധികൾ പകരാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പത്തൊമ്പത് വരെ കാറ്റോട് കൂടിയ ശക്തമായ മ‍ഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 60മുതൽ70 km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.വിഴിഞ്ഞം മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി ആരും കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരത്ത് പൊതുവെ മ‍ഴ മാറിയെങ്കിലും മ‍ലയോരപ്രദേശങ്ങളിൽ രാവിലെ ശക്തമായ മ‍ഴയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News