തിരുവനന്തപുരം: ശശി തരൂര്‍ എം.പിയുടെ ഓഫീസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് റീത്ത് വച്ച സംഭവം അങ്ങേയറ്റം കിരാതമായ നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.

ബി.ജെ.പിയുടെ മുഖമുദ്രയായ ഫാസിസ്റ്റ് മുഖമാണ് ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ചുട്ടുകരിക്കുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് നയത്തിന്റെ ഭാഗം തന്നെയാണ് എം.പിയുടെ ഓഫീസിന് നേരെയുള്ള അതിക്രമം.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമായിട്ടേ ബി.ജെ.പിയുടെ അതിക്രമത്തെ കാണാന്‍ കഴിയൂ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി അഴിച്ചുവിട്ട ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും അവര്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന്റെ ഭഗമായിട്ടാണ് മുന്‍കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് എം.പിയുടെ ഓഫീസ് ആക്രമിച്ച് അവിടെ കരിഓയില്‍ ഒഴിച്ചതും റീത്ത് സമര്‍പ്പിച്ചതും.

ബി.ജെ.പിയുടെ ഫാസിസ്റ്റ് നടപടിക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും അതിശക്തമായി രംഗത്ത് വരണം.ശശിതരൂരിനെ കായികമായി നേരിടാനാണ് ബി.ജെ.പിയുടെ ശ്രമമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സുരക്ഷ അദ്ദേഹത്തിന് നല്‍കുമെന്നും എം.എം.ഹസന്‍ പറഞ്ഞു.