റഷ്യന്‍ ലോകകപ്പിന്‍റെ താരമായി ഉയര്‍ന്നു വന്നതും റഷ്യയിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും ഫ്രഞ്ചു പടയുടെ കെയിലിയന്‍ എംബാപ്പെയാണ്. വെറും 19 വയസ്സുമാത്രം പ്രായമുള്ള ഈ യുവ താരത്തെ സാക്ഷാല്‍ പെലെയോടാണ് ലോകം ഇപ്പോള്‍ ഉപമിക്കുന്നത്.

ഫൈനലില്‍ അടക്കം ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ച നാലു ഗോളുകളാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. അര്‍ജന്‍റീനയെ തറപറ്റിക്കുന്നതിലും നിര്‍ണായക ഘടകമായത് എംബാപ്പെയാണ്.

 

താന്‍ ഏറെ ആരാധിക്കുന്നതും, ഇഷ്ടപ്പെടുന്നതും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണെന്ന് ഈയിടെ താരം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നടക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്‍റസിലേക്ക് ചേക്കേറിയിരുന്നു.

റയല്‍ സൂപ്പര്‍താരത്തെ വിട്ടു കൊടുത്തതിന് പിന്നാലെ, എംബാപ്പെയെ ടീമിലേക്ക് എടുക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. അതിനിടെ എംബാപ്പെ പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറേനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

 

എന്നാല്‍ താന്‍ പി എസ് ജി വിടുന്നില്ലെന്ന് വ്യക്തമാക്കി എംബാപ്പെ രംഗത്തെത്തി.മൊണോക്കോയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ പിഎസ്ജിയിലെത്തിയ താരത്തെ പെര്‍മനന്‍റ് സ്ഥാനത്തില്‍ പിഎസ്ജി ഒപ്പുവെച്ചു.

ഞാന്‍ എവിടെയും പോകുന്നില്ലെന്നും പിഎസ്ജിയില്‍ തന്നെ തുടരുമെന്നും എംബാപ്പെ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷമാണ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. പിഎസ്ജിക്കായി 21 ഗോളുകളാണ് ക‍ഴിഞ്ഞ സീസണില്‍ താരം അടിച്ചെടുത്തത്.