ദീര്‍ഘദൂര യാത്ര പോകുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സീകരിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.

യാത്രക്കാര്‍ സീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ സംബന്ധിച്ച് അബുദാബി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബോധവത്കരണം പരിപാടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

വാഹനമോടിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും സുരക്ഷിത സഞ്ചാരമൊരുക്കുകയാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അബുദാബി പോലീസ് വ്യക്തമാക്കി.

സുരക്ഷാ മുന്‍ കരുതലുകളുടെ ഭാഗമായി അബുദാബി നഗരത്തിലെ പ്രധാന റോഡുകളില്‍ ഉയരംകൂടിയ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.

ഉപരിതലത്തില്‍നിന്ന് 60 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്.

ദീര്‍ഘദൂര യാത്രക്കു മുന്‍പായി എന്‍ജിന്‍, ടയര്‍, ലൈറ്റ് തുടങ്ങിയ വാഹനഭാഗങ്ങളെല്ലാം പരിശോധിച്ചു സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും കടുത്ത ചൂടില്‍ ടയറുകള്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ നിലവാരമുള്ള ടയറുകള്‍ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു.