നിപ പ്രതിരോധം: കേരള മാതൃകയ്ക്ക് യുപിയില്‍ ആദരം

തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ വച്ച് നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സില്‍ കേരളത്തിന് ആദരം.

വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിലാണ് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ ആദരിക്കുന്നത്.

ജൂലൈ 21-ാം തീയതി വൈകുന്നേരം 4 മണിക്ക് ബനാറസ് യൂണിവേഴ്‌സിറ്റി കെ.എന്‍. ഉടുപ ആഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സമയോചിതമായ ഇടപെടലിലൂടെ നിപ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് കേരളത്തെ ആദരിക്കുന്നത്.

ദീര്‍ഘ വീക്ഷണം, പിന്തുണ, ആത്മാര്‍ത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നാണ് എ.സി.ഇ.ഇ. ഇന്ത്യ ഡീന്‍ പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍, ഇ.എം. ഇന്ത്യ 2018 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല എന്നിവര്‍ പറയുന്നത്.

രാജ്യം ആകാക്ഷയോടെ വീക്ഷിച്ചതാണ് കേരളത്തിന്റെ നിപ പ്രതിരോധം. ശ്രേഷ്ഠമായ ഈ പ്രവൃത്തി മനസിലാക്കുവാന്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും താത്പര്യമുണ്ടെന്നും അവര്‍ ക്ഷണക്കത്തില്‍ പറയുന്നു.

അടിയന്തിര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകളെ കുറിച്ചുള്ള പ്രഭാഷണം നടത്താനും മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇ.എം. ഇന്ത്യ. 21, 22 തീയതികളിലായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വിവിധ തലങ്ങളെപ്പറ്റി 30 മണിക്കൂറിലധികം സയന്റിഫിക് സെഷനും ഈ കോണ്‍ക്ലേവിലുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധരാണ് ഈ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News