തലച്ചോറിനേറ്റ ക്ഷതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ജനുവരിയിലാണ് കോട്ടയം സ്വദേശി ബെറ്റിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസോച്ഛാസം പോലും നിലച്ച അവസ്ഥയിലായിരുന്നു ബെറ്റിന. അന്നവള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

കടുത്ത മരുന്നുകള്‍ നല്‍കിയാല്‍ കുഞ്ഞ് അബോര്‍ഷനായി പോകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. എങ്കിലും എങ്ങിനെയും ബെറ്റിനയെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു കുടുംബക്കാര്‍ക്ക് വേണ്ടത്. ഒന്നര മാസം വെന്‍റിലേറ്ററില്‍.

കടുത്ത മരുന്നും മറ്റും ബെറ്റിനയുടെ ആരോഗ്യത്തെ തന്നെ ഇല്ലാതെയാക്കി. കെ എസ് ഇ ബി ജീവനക്കാരനായ അനൂപ് കടം വാങ്ങിയും മറ്റും ബെറ്റിനക്ക് ചികിത്സ നടത്തി. കുട്ടി അബോര്‍ഷനായിപ്പോയില്ലെങ്കില്‍ ബെറ്റിനക്ക് അപകടമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പിന്നീട് സിസേറിയന്‍ നടത്താന്‍ തീരുമാനിച്ചു. ഡോക്ടര്‍മാരെ പോലും അതിശയിപ്പിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി കുഞ്ഞ് ജനിച്ചു. പല പരിശോധനകളും നടത്തി, കുഞ്ഞിന് ഒരു കു‍ഴപ്പവുമില്ല.

അമ്മയുടെ അരികില്‍ കിടത്തിയ കുഞ്ഞ് കരഞ്ഞു. അപ്പോള്‍ ബെറ്റ്ന ആദ്യമായി കണ്ണുചിമ്മി. തല ചരിച്ച് കുഞ്ഞിന് ഒരു ഉമ്മ നല്‍കി, കണ്ണുകള്‍ നിറഞ്ഞു.