ശക്തമായ മഴയ്ക്കിടെ കുത്തിയൊഴുകുന്ന നദിയില്‍ വീണ കാറിൽനിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

നദിയില്‍ പൂര്‍ണമായും മുങ്ങിയ കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങി കാറിന്‍റെ മുകളില്‍ കയറിയ രണ്ട് കുട്ടികളടക്കമുള്ള യാത്രക്കാര്‍ നാട്ടുകാരുടെ സമയോചിത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ജീവിതത്തിലേക്ക് നീന്തി കയറിയത്.

നാലംഗ കുടുംബത്തിന്‍റെ അതിസാഹസിക രക്ഷപ്പെടലിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. രക്ഷാപ്രവർത്തനത്തിനിടെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണിത്.

മുംബൈ സ്വദേശിയായ അഷ്‌റഫ് ഖലീല്‍ ഷേഖ്, ഭാര്യ ഹാമിദ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഗോട്ട്ഗാവിലെ പാലത്തില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് വീണത്.

നദിയിലേക്ക് പതിച്ച കാര്‍ മലവെള്ളപാച്ചിലില്‍ ഒ‍ഴുകുന്നതിനിടെ കല്ലുകളില്‍ തട്ടിനിന്നതോടെ മനക്കരുത്ത് കൈവിടാതെ അഷ്‌റഫും കുടുംബവും അതിസാഹസികമായി കാറിന്‍റെ മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ കയര്‍ ഉപയോഗിച്ചാണ് നാലുപേരെയും കരയിലേക്കെത്തിച്ചത്.

നിസാര പരുക്കുകള്‍ മാത്രമുള്ള ഖലീല്‍ ഷേഖിനെയും കുടുംബാംഗങ്ങളെയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു. ഇവര്‍ രക്ഷപ്പെട്ടതിന് പിന്നാലെ മലവെള്ളപാച്ചിലില്‍ കാര്‍ ഒ‍ഴുകിപ്പോയി.

അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം.