ലണ്ടൻ: ഇഗ്ലണ്ടിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 10 ഓവറിൽ 49 റൺസും ഡേവിഡ് വില്ലി ഒൻപത് ഓവറിൽ 40 റൺസും വഴങ്ങി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കോഹ്‍ലി 72 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 71 റൺസെടുത്തു.

പരമ്പര നേടാന്‍ വിജയം അനിവാര്യമാണ് രണ്ട് ടീമുകള്‍ക്കും. നിര്‍മായക പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍പട ഇംഗ്ലിഷ് ബോളർമാർക്കു മുന്നിൽ പതറുന്ന കാ‍ഴ്ചയാണ് കാണാന്‍ ക‍ഴിഞ്ഞത്.

ധവാനും രോഹിതിനും സ്വാഭാവിക ഫോമിലേക്ക് ഉയരാനായില്ല.

ഇഗ്ലീഷ് ബോളര്‍മാര്‍ക്കുമുന്നില്‍ റണ്‍ കണ്ടെത്താന്‍ രോഹിത് വല്ലാതെ വിയര്‍ത്തു. 18 പന്തിൽ രണ്ടു റൺസുമായി വിഷമിച്ച രോഹിതിനെ ഡേവിഡ് വില്ലി പുറത്താക്കി.

രണ്ടാം വിക്കറ്റിൽ സമയമെടുത്ത് ഇന്നിങ്സ് കെട്ടിപ്പടുത്ത ധവാൻ–കോഹ്‌ലി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

രണ്ടാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം പിരിച്ചത് ബെൻ സ്റ്റോക്സ്.

അനാവശ്യ റണ്ണിനോടിയ ധവാനെ സ്റ്റോക്സ് നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 49 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ നേടിയ 44 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

ലോകേഷ് രാഹുലിനു പകരമെത്തിയ ദിനേഷ് കാർത്തിക്കിന്റെ ഊഴമായിരുന്നു അടുത്തത്. മികച്ച തുടക്കമിട്ടെങ്കിലും വലിയ ഇന്നിങ്സ് കളിക്കാൻ കാർത്തിക്കിനുമായില്ല.

മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ റാഷിദിന്റെ പന്തിൽ കാർത്തിക് ബൗൾഡ്! 22 പന്തിൽ 21 റൺസായിരുന്നു കാർത്തിക്കിന്റെ സമ്പാദ്യം.

അധികം വൈകാതെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും മടങ്ങി. കാർത്തിക് പുറത്തായ അതേവഴിയിൽത്തന്നെ.

72 പന്തിൽ എട്ടു ബൗണ്ടറികളോടെ 71 റൺസെടുത്ത കോഹ്‍ലിയെ കാർത്തിക് ക്ലീൻബൗൾഡാക്കി. സുരേഷ് റെയ്നയ്ക്ക് ഒന്നും ചെയ്യാനായില്ല.

നാലു പന്തിൽ ഒരു റൺ മാത്രമെടുത്ത റെയ്നയെ റാഷിദ് ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു.

മന്ദഗതിയിൽ ബാറ്റുവീശിയ ധോണിയും യങ് സെൻസേഷൻ ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്കോർ 194ൽ എത്തിച്ചതിനു പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹാർദിക് പുറത്ത്.

21 പന്തിൽ രണ്ടു ബൗണ്ടറി സഹിതം നേടിയ 21 റൺസായിരുന്നു ഹാർദിക്കിന്റെ സമ്പാദ്യം.

തുടർന്നെത്തിയ ഭുവനേശ്വർ കുമാറും ധോണിയും ചേർന്ന് ഇംഗ്ലിഷ് ബോളർമാരെ നന്നായി ‘ടെസ്റ്റ്’ ചെയ്തു. അധികം വൈകാതെ ധോണിയും മടങ്ങി.

66 പന്തിൽ നാലു ബൗണ്ടറികളോടെ 42 റൺസെടുത്ത ധോണിയെ ഡേവിഡ് വില്ലി മടക്കി.

അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാറും (35 പന്തിൽ ഒരു ബൗണ്ടറിയോടെ 21) ഷാർദുൽ താക്കൂറും (13 പന്തിൽ രണ്ടു സിക്സ് സഹിതം പുറത്താകാതെ 22) നടത്തിയ പ്രകടനമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.

ഇന്നിങ്സിലെ അവസാന പന്ത് സിക്സ് പറത്താനുള്ള ശ്രമത്തിൽ ഭുവി ഡേവിഡ് വില്ലിക്ക് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു.