കോട്ടയം ജില്ലയില്‍ മഴക്കെടുതി രൂക്ഷം. ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയില്‍. നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ദുരന്തനിവാരണസേനയെത്തി.ജില്ലയില്‍ 104 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കോട്ടയം ജില്ലയില്‍ കാലവര്‍ഷം കനത്തനാശമാണ് വിതച്ചത്. കടുത്തുരുത്തി പെരുവയില്‍ പാടശേഖരത്തെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.

പരേതനായ ജിനുവിന്റെ മകന്‍ അലനാണ മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കോരുത്തോട് നിന്നും അഴുതയാറ്റില്‍ കാണാതായ മുണ്ടക്കയം സ്വദേശി ദീപുവിന്റെ മൃതദേഹം കണ്ടെടുത്തു.

കിഴക്കന്‍ മേഖലയില്‍ മഴയ്‌ക്കൊപ്പം മണ്ണിടിച്ചിലുണ്ടായി . മഴവെള്ളപ്പാച്ചിലില്‍ ആറുകള്‍ കരകവിഞ്ഞൊഴുകി പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയിലാണ്.

കോളനികളുള്‍പ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളിലും മറ്റും ഒറ്റപ്പെട്ട ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ 45 അംഗങ്ങളുള്‍പ്പെട്ട കേന്ദ്ര ദുരന്തനിവാരണസേന ജില്ലയിലെത്തി.

രണ്ട് ടീമുകളായി തിരിഞ്ഞ് കോട്ടയം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നാലുതാലൂക്കുകളിലായി 104 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

2300 കുടുംബങ്ങളില്‍ നിന്നായി 8577 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മഴക്കെടുതി വിലയിരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മന്ത്രി കെ രാജു ജില്ലയില്‍ നേതൃത്വം നല്‍കി.

കനത്ത മഴയെത്തുടര്‍ന്ന് പാളത്തില്‍ വെള്ളം കയറിയും മരം വീണും കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം അവതാളത്തിലായി.

എംജി സര്‍വ്വകലാശാല ബുധനാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ജില്ലയിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.