കോട്ടയം: കോട്ടയത്ത് പട്ടാപ്പകല്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന വിവാഹസംഘത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം.

പാലാ പൊന്‍കുന്നം റോഡിലെ കടയത്ത് വച്ചാണ് തൃശൂര്‍ സ്വദേശികളായ വിവാഹസംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. വെള്ളക്കെട്ടില്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് സാമൂഹ്യവിരുദ്ധരായ ഒരുസംഘം അക്രമം അഴിച്ചുവിട്ടത്.

സ്ത്രീകളും പ്രായമായവരും ഉള്‍പ്പടെയുള്ള യാത്രക്കാരെ, യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇവര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിന് കേടുവരുത്തുകയും വെള്ളം കോരി ഒഴിക്കുകയും ചെയ്തത്.

വാഹനത്തിന്റെ ഡ്രൈവറായ ശരത് എന്ന യുവാവ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തുവന്നത്.

വാഹനം മുന്നോട്ട് എടുത്തപ്പോള്‍ സംഘം ബോണറ്റില്‍ ശക്തമായി അടിച്ച് അസഭ്യം വിളിച്ചെന്നും ശരത് പറഞ്ഞു. ഗ്ലാസ് തുറന്നപ്പോള്‍ സ്ത്രീകള്‍ ഇരുന്ന ഭാഗത്തേക്ക് ഇവര്‍ വെള്ളം കോരിയൊഴിച്ചെന്നും ശരത് പറഞ്ഞു.

വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.