തിരുവനന്തപുരം: മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം തീര്‍ത്ത് എസ്എഫ്‌ഐയുടെ ജില്ലാ കേന്ദ്രങ്ങളിലെ ധര്‍ണ്ണ ആരംഭിച്ചു. അഭിമന്യു വധത്തില്‍ പ്രതിഷേധിച്ച് വര്‍ഗീയത തുലയട്ടേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ധര്‍ണ.

സെക്രട്ടേറിയറ്റിനു മുന്നില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി, എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ എന്നിവര്‍ ധര്‍ണ്ണയില്‍ സംസാരിച്ചു

 

കണ്ണൂരില്‍ വിപി സാനു ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: മത തീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതിരോധം എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്‌ഐ, ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന 24 മണിക്കൂര്‍ ധര്‍ണ കണ്ണൂരില്‍ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു ഉദ്ഘാടനം ചെയ്തു.

വര്‍ഗീയതയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു. ടിവി രാജേഷ് എംഎല്‍എ, എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എപി അന്‍വീര്‍, പ്രസിഡന്റ് ഷിബിന്‍ കാനായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം, ചിത്രകാര കൂട്ടായ്മ, കവിയരങ്ങ്, ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവ നടക്കും.

പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഡിവൈഎഫ് അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.