ശബരിമല പൊതു ക്ഷേത്രമാണെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമല്ലേയെന്ന് സുപ്രീംകോടതി. പൊതു ക്ഷേത്രങ്ങളില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ പരാമര്‍ശമുണ്ടായിരിക്കുന്നത്.

സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരും

ശബരിമല പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണമെന്നും, ഇല്ലെങ്കില്‍ ഈ നടപടി ഭരണഘടനാ വിരുദ്ധമാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു ക്ഷേത്രങ്ങളില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനൂകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായി. സ്ത്രീകള്‍ക്ക് പ്രവേശനത്തിന് എന്തിനാണ് വിലക്കെന്നും ആര്‍ത്തവത്തിന്റെ പേരില്‍ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ളവരെ എതിര്‍ക്കുന്നത് ഏകപക്ഷിയ നിലപാടാണെന്നും കോടതി നിരീക്ഷിച്ചു.

ഈ വയസ്സിന് ഇടയ്ക്കുള്ളവര്‍ക്ക് മാത്രമാണ് ആര്‍ത്തവമുണ്ടാവുക എന്ന വാദം ശരിയാണോ എന്നും കോടതി ചോദിച്ചു.അമികസ് ക്യൂറിയും തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡുമടക്കമുള്ളവരുടെ വാദം ഇനിയും കഴിയാനുണ്ട്.

അതുകൊണ്ട് തന്നെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരും. ക്ഷേത്രത്തില്‍ പൂജ നടത്താനുള്ള അവകാശമല്ല വേണ്ടത് മറിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശമാണ് ആവശ്യപ്പെടുന്നതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിസിംഗ് കോടതിയില്‍ ആവശ്യപ്പെട്ടു.

ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഇന്ദിര ജെയിസിംഗ് കോടതിയില്‍ ഹാജരായിരുന്നത്.