കേന്ദ്ര സര്‍ക്കാരിനെതിരായ ടിഡിപിയുടെ അവിശ്വാസ പ്രമേയം; വെള്ളിയാഴ്ച ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപി നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോകസഭാ സ്പീക്കര്‍ സ്വീകരിച്ചു. വെള്ളിയാഴ്ച പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിലേറെ അവിശ്വാസ പ്രമേയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കി.

അതേസമയം രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത കേരളത്തില്‍ നിന്നുള്ള എംപി എളമരം കരീമടക്കമുള്ള മൂന്നുപേര്‍ സത്യപ്രതിജ്ഞ ചെയ്തു.

ഒന്നിലേറെ അവിശ്വാസ പ്രമേയങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയിരുന്നു. എന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ടിഡിപി നല്‍കിയ അവിശ്വാസ പ്രമേയമാണ് ആദ്യത്തേതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

സഭയില്‍ ഉയര്‍ന്നു വരുന്ന എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭ തുടങ്ങുന്നതിനു മുമ്പ് വ്യക്തമാക്കിയിരുന്നു.

മോദി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും അതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ശശി തരൂരിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

മഴ കെടുത്തി കാരണം കേരളത്തിനുണ്ടായ നാശനഷ്ടത്തിനു പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്ന് എംപി സമ്പത്ത് ലോകസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. എംപിയുടെ ആവശ്യത്തെ തുടര്‍ന്ന് നിവേദനം നല്‍കിയാല്‍ സഹായിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കി.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലുണ്ടായ പ്രതിഷേധം കാരണം സഭ കുറച്ചു നേരത്തേക്ക് പിരിഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ്.കെ.മാണി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

ഇവര്‍ക്കൊപ്പം നോമിനേറ്റഡ് അംഗങ്ങളായ സോനാല്‍ മാന്‍സിംഗ്, രാം ഷാക്കല്‍, രാകേഷ് സിന്‍ഹ, രഘുനാഥ് മൊഹപത്ര എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here