കാലവര്‍ഷക്കെടുതി: കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി

കാലവര്‍ഷക്കെടുതിമൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്.

965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. ഇതിനകം 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്പതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടയിലാണ് ഇത്രയും ഭീമമായ നഷ്ടമുണ്ടായത്.

ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കൂടി കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് സൈന്യം തയ്യാറായി നില്‍ക്കുന്നുണ്ട്.

എന്നാല്‍ കേരളത്തിലുളള സൈനിക യൂണിറ്റുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മതിയായ ഡിങ്കി ബോട്ടുകളോ മറ്റ് ഉപകരണങ്ങളോ ലഭ്യമല്ല.

ഇത് കണക്കിലെടുത്ത് കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴയിലെ നൂറനാടുമുളള പ്രതിരോധസേനാ യൂണിറ്റുകള്‍ക്ക് ആവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തിരമായി ലഭ്യമാക്കണം.

വായുസേനയ്ക്ക് ഒരു ഹെവി ലിഫ്റ്റ് ഹെലികോപ്ടറെങ്കിലും (എം1-16) അനുവദിക്കണം.

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 590 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയുടെ സംരക്ഷണത്തിന് 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ നിവേദനത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. തീരമേഖല വീണ്ടും കടുത്ത ദുരിതം നേരിടുകയാണ്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത്തരം ദുരന്തങ്ങളും ദുരിതവും നേരിടാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News