ഗാലറിയിലെ പ്രണയാഭര്‍ത്ഥ്യന തത്സമയം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍; പ്രണയത്തിന് തുണയായി ഡിആര്‍എസ് സംവിധാനവും

ഫുട്‌ബോളാകട്ടെ, ക്രിക്കറ്റാകട്ടെ പ്രമുഖ മത്സരങ്ങള്‍ നടക്കുമ്പോള്‍ മൈതാനം വിട്ട് ഗ്യാലറിയിലെ ആരാധകരുടെ ഭാവചലനങ്ങള്‍ തത്സമയ ടെലികാസ്റ്റിനിടെ നമ്മുടെ ടി വി സ്‌ക്രീനിലെത്താറുണ്ട്. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഗ്യാലറിലെ കാഴ്ച കളിയില്‍ അല്‍പ്പം കാര്യമായി.

ക്രിക്കറ്റ് പിറന്ന മണ്ണില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഗാലറിയിലെ വേറിട്ട കാഴ്ച ക്യാമറാമെന്‍ കണ്ടത്. ഗ്യാലറിയില്‍ തൊട്ടടുത്തിരുന്ന യുവതിയോട് ഒരു യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. പവന്‍ ബെയ്ന്‍സും ചരണ്‍ ഗില്ലുമായിരുന്നു ഈ കമിതാക്കള്‍.

ക്യാമറമാനാകട്ടെ കളി വിട്ട് പ്രണയാഭ്യര്‍ത്ഥന വ്യക്തമായി ക്യാമറക്കണ്ണാല്‍ ഒപ്പിയെടുക്കുകയും ചെയ്തു. കട്ട് എവേ ഷോട്ടുകളിലെ മാസ്മരികത തിരിച്ചറിഞ്ഞ പ്രൊഡക്ഷന്‍ ടീം ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിടലടക്കം ഈ ദൃശ്യങ്ങള്‍ കാണിച്ചതോടെ പ്രണയാഭര്‍ത്ഥ്യന വന്‍ ഹിറ്റായി.

ബിഗ് സ്‌ക്രിനിലെ പ്രണയം മനോഹര കാഴ്ചയായതോടെ മൂന്നാം അമ്പയറുടെ തീരുമാനങ്ങളും സ്‌ക്രീനില്‍ തെളിഞ്ഞു. ദൃശ്യത്തിന് പിന്നാലെ ഡിആര്‍എസിന് സമാനമായി സ്‌ക്രീനില്‍ ഡിസിഷന്‍ പെന്‍ഡിംഗ് എന്ന് പ്രത്യക്ഷപ്പെട്ടു.

അല്‍പ്പസമയത്തിന് ശേഷം യുവതി പ്രണയാഭ്യര്‍ത്ഥനയ്ക്ക് സമ്മതം നല്‍കിയതോടെ ‘ഷീ സെഡ് യെസ്’ എന്നായി സ്‌ക്രീനിലെ സന്ദേശം. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ താരം ഡേവിഡ് ലോയ്ഡും അവസരത്തിനൊത്തുയര്‍ന്നു. വാട്ട് എ ഡിസിഷന്‍ എന്നായിരുന്നു ലോയ്ഡിന്റെ ലൈവ് കമന്ററി.

ഇതോടെ കാണികളൊന്നടങ്കം പ്രണയ രംഗത്തിന് അനുമോദനമര്‍പ്പിച്ചു. മറുവശത്ത് ഇരുപത്തിനാലാം ഓവര്‍ എറിയാനെത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ബോളെറിയാതെ രംഗങ്ങള്‍ക്ക് കൈയ്യടിച്ചു.

പ്രണയാഭര്‍ത്ഥ്യന സഫലമായതോടെ കാണികള്‍ക്കും ക്യാമറാ ടീമിനും നന്ദിയറിയിക്കാനും പവന്‍ ബെയ്ന്‍സ് മറന്നില്ല. മത്സരത്തിന് ശേഷം കമിതാക്കളെ കമന്റി ബോക്‌സിലെത്തിച്ച കമന്റേറ്റര്‍മാര്‍ പ്രണയോപബാരമായി ഇരുവര്‍ക്കും ഷാംപെയ്ന്‍ ബോട്ടിലും സമ്മാനിച്ചു.

ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News