റേഷന്‍ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടികുറച്ചതടക്കമുള്ള വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

രാവിലെ 11.15 ന് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. തുടര്‍ന്ന് മഴക്കെടുതി നേരിടാനുള്ള സഹായവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി പി തിലോത്തമനും നിയമസഭയില്‍ പ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി വീതവും സംഘത്തിലുണ്ട്.

റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യങ്ങള്‍ തീരുമാനത്തിലാക്കുക എന്നതടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം മുന്നോട്ട് വെക്കും.

ഇതിനു പുറമെ വിഴിഞ്ഞം തുറമുഖത്തിനുള്ള സഹായം, ശബരി പാത, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള സംസ്ഥാനത്തിന്റെ ശുപാര്‍ശകള്‍ എന്നിവയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യ അളവ് 16 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.25 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചിരുന്നു. ഇത് പഴയപടി നിലനിര്‍ത്തണമെന്നാണ് പ്രധാന ആവശ്യം.

നാണ്യവിളകള്‍ അധികമായി കൃഷി ചെയ്യുന്ന സാഹചര്യമുള്ളതിനാലാണ് ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിന് കൂടുതലായി നല്‍കി വന്നിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രം കനിയണമെന്നും കേരളം ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് ആദ്യമായാണ് അനുമതി ലഭിക്കുന്നത്. നേരത്തെ രണ്ട് തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം സമയം ചോദിച്ചിരുന്നെങ്കിലും പകരം കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിക്കുകയായിരുന്നു.

ഇതേ ചൊല്ലി സംസ്ഥാനത്തെ എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മഴക്കെടുതിയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്നും സാമ്പത്തിക സഹായം വേണമെന്നും സംസ്ഥാനം ആവശ്യപ്പെടും.