കത്വ സംഭവം: പ്രതികളുടെ അഭിഭാഷകന്‍ ജമ്മു സര്‍ക്കാറിന്‍റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍

രാജ്യത്തെ നടുക്കിയ കത്വ സംഭവത്തിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അസീം സാവ്നി ഇനി സര്‍ക്കാരിന്‍റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍.

അസീം സാവ്നിയെ എഎജിയായി നിയമിച്ചുകൊണ്ട് ചൊവ്വാ‍ഴ്ച ജമ്മു ഗവര്‍ണര്‍ ഉത്തരവിറക്കി.

എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കത്വ സംഭവം ഈ രാജ്യത്തിന്‍റെ മനസാക്ഷിയെ കുത്തിനോവിച്ചത് ചെറുതായൊന്നുമല്ല.

ഈ ക്രൂരപീഡനം നടത്തിയ ചില പ്രതികള്‍ക്കായി അന്ന് കോടതിയില്‍ ഹാജരായ അസീം സാവ്നിയെയാണ് ഇപ്പോള്‍ ജമ്മുവില്‍ കേന്ദ്രം നിയോഗിച്ചിരിക്കുന്ന ഗവര്‍ണര്‍ സര്‍ക്കാരിന്‍റെ അഭിഭാഷകനായി നിയോഗിച്ചത്.

അഡ്വക്കേറ്റ് ജനറല്‍,സര്‍ക്കാര്‍ അഭിഭാഷകന്‍ എന്നിവരെ നിയമിച്ചുകൊണ്ടുള്ള പട്ടികയില്‍ ഏ‍ഴമനാണ് അസീം സാവ്നി.

അസീം സാവ്നിയും അദ്ദേഹത്തിന്‍റെ അച്ഛനും എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായിരുന്നു.

ഈ കേസിന്‍റെ വിചാരണാവേളയില്‍ ഓരോ ദിവസത്തെ കോടതിനടപടികള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറയുകയും വിചാരണാ വിശദാംശങ്ങള്‍ വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

ഈ അഭിഭാഷകനെതിരെ കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ചും അന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജൂലൈ 2നുശേഷം താന്‍ കത്വ പ്രതികള്‍ക്കുവേണ്ടിഹാജരായിട്ടില്ലെന്നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായശേഷം അസീം സാവ്നിയുടെ പ്രതികരണം.

നിലവില്‍ കേസ് പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയുടെ പരിഗണനയിലാണ്.പിഡിപി-ബിജെപി സഖ്യമന്ത്രിസഭ തകര്‍ന്ന ജമ്മു കശ്മീര്‍ നിലവില്‍ ഗവര്‍ണര്‍ഭരണത്തിന് കീ‍ഴിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here