ജോലിക്കായി 20 കാരന്‍ നടന്നത് 32 കിലോമീറ്റര്‍; കൈയിലുണ്ടായിരുന്നത് കത്തിയും ഫോണും പണവും മാത്രം; ഒടുവില്‍ ആ നിശ്ചയദാര്‍ഢ്യത്തിന് കമ്പനിയുടെ വക കിടിലന്‍ ഒരു സമ്മാനവും

ജോലിക്ക് കയറേണ്ട ആദ്യ ദിവസം തന്നെ യാത്ര തടസ്സപ്പെട്ടാല്‍ എത്രമാത്രം പരിഭ്രാന്തരാകും നമ്മള്‍. ഭാവി തന്നെ ഇരുള്‍ മൂടുമെന്ന് കാണുമ്പോള്‍ ജീവിതം പാതിയും അവസാനിക്കും പക്ഷേ ഇവിടെ കഥ അതല്ല. അമേരിക്കയിലെ വാള്‍ട്ടര്‍ കാര്‍ എന്ന യുവാവ് തന്‍റെ യാത്ര തടസ്സപ്പെട്ടപ്പോള്‍ തളരാന്‍ തയ്യാറായില്ല.

അവന്‍ ഇച്ഛാശക്തിയോടെ തന്‍റെ യാത്ര മുന്നോട്ട് തന്നെയെന്ന് നിശ്ചയിച്ച് ലക്ഷ്യം കണ്ടു. അലബാമയിലെ കോളേജ് വിദ്യാര്‍ത്ഥിയായ വാള്‍ട്ടര്‍ കാറിന് പെല്‍ഹാമിലെ ബെല്‍ഹോപ്‌സ് മൂവേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ലഭിച്ചത്. വെള്ളിയാ‍ഴ്ചയായിരുന്നു വാള്‍ട്ടറിന്‍റെ ആദ്യ ജോലി എന്നാല്‍ വാള്‍ട്ടറിന്‍റെ യാത്രമധ്യേ അവന്‍റെ നിസാന്‍ കാര്‍ ബ്രേക്ക് ഡൗണായി.

ഇതോടെ തന്‍റെ ആദ്യദിവസത്തെ ജോലി അവതാളത്തിലാവുമെന്ന് മനസ്സിലാക്കിയ വാള്‍ട്ടര്‍ ഒരു വലിയ വെല്ലുവിളിയോടെ ലക്ഷ്യസ്ഥാനത്തേക്ക് കാല്‍നടയായി സഞ്ചരിക്കാന്‍ തീരുമാനിച്ചു. സഹായത്തിനായി കൂട്ടുകാരെ വിളിച്ചെങ്കിലും അവനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ഒടുവില്‍ ജിപിഎസിന്‍റെ സഹായത്താലാണ് അവന്‍ യാത്ര ആരംഭിച്ചത്. യാത്രയില്‍ അവന് കൂട്ടായുണ്ടായത് മൊബൈലും കത്തിയും കുറച്ചു പണവും. ഒടുവില്‍ സ്ഥാപനത്തില്‍ പുലര്‍ച്ചയോടെ വാള്‍ട്ടര്‍ കാര്‍ ലക്ഷ്യസ്ഥാനം പിടിച്ചു. എന്നാല്‍ കഥ അവിടെ അവസാനിച്ചില്ല തന്‍റെ സ്ഥാപനത്തിലെ ജോലിക്കാരന്‍റെ ആത്മാര്‍ത്ഥതയറിഞ്ഞ ബെല്‍ഹോപ്‌സ് സി.ഇ.ഒ ലൂക്ക് മാര്‍ക്ക്‌ലിനും തന്റെ പുതിയ ജീവനക്കാരനെ നേരിട്ടുകാണാനെത്തി.

തന്‍റെ ജോലിക്കാരന്‍റെ ആത്മാര്‍ത്ഥതയ്ക്ക് 2014 മോഡല്‍ ഫോര്‍ഡ് എസ്‌കേപ് കാര്‍ സര്‍പ്രൈസ് സമ്മാനം നല്‍കികൊണ്ടാണ് ലൂക്ക് മാര്‍ക്ക്‌ലിന്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വാള്‍ട്ടറിനെ ഞെട്ടിച്ചത്.വാള്‍ട്ടര്‍ കാറിന്‍റെ നിശ്ചയദാര്‍ഡ്യം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News