എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തേയും മകനെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ ഇവരടക്കം 18 പ്രതികളാണുള്ളത്.

എന്നാല്‍ സിബിഐയുടെ മറ്റു കുറ്റപത്രങ്ങളെപ്പോലെ പ്രതികളെന്നാരോപിക്കുന്ന വരെ വെറുതെ വിടുന്ന കുറ്റപത്രമായിരിക്കും ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിമ്പല്‍ ആരോപിച്ചു. കുറ്റപത്രം ജൂലായ് 31ന് കോടതി പരിഗണിക്കും.

2006ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ മകന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.

വിദേശനിക്ഷേപ അനുമതിക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 600 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ മാത്രം അധികാരമുള്ള ധനമന്ത്രാലയം നേരിട്ട് 5500 കോടി നിക്ഷേപത്തിന് അനുമതി നല്‍കിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

കരാറിന് അംഗീകാരം കിട്ടിയതിന് പിന്നാലെ കാര്‍ത്തി ചിദംബരത്തിന് ബന്ധമുള്ള കമ്പനിക്ക് 26 ലക്ഷം രൂപ എയര്‍സെല്‍ ടെലിവെഞ്ച്വേഴ്‌സ് നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു.

കേസ് കോടതിയുടെ പരിഗണനയിലാണ് അതുകൊണ്ട് തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. എന്നാല്‍ 2ജി കേസില്‍ സിബിഐ സമര്‍പ്പിച്ച പോലെ പ്രതികളെന്നാരോപിക്കുന്ന വരെ വെറുതെ വിടുന്ന കുറ്റപത്രമായിരിക്കും ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിമ്പല്‍ ആരോപിച്ചു. എന്നാല്‍ ഇതേ ആരോപണം എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിച്ചു വരികയാണ്.

എയര്‍സെല്‍ കമ്പനിക്ക് 600 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. ഈ കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആഗസ്റ്റ് ഏഴ് വരെ അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി കോടതി ഉത്തരവിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കാര്‍ത്തിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചിദംബരത്തിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതിയാക്കിയിട്ടില്ല. എന്നാല്‍ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here